'ഈ പോരാട്ടം ചിലർക്ക് 'സ്റ്റണ്ട്' മാത്രം'; പൂനം പാണ്ഡെ വിവാദത്തിൽ മംമ്തയുടെ വിമർശനം

കാൻസറിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവരെയും പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നുവെന്നും മംമ്ത കുറിച്ചു.

Update: 2024-02-06 12:13 GMT
Advertising

സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചെന്ന നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വ്യാജ പ്രചരണത്തെ വിമർശിച്ച് മംമ്ത മോഹൻദാസ്. പൂനം പാണ്ഡെയുടെ പേരെടുത്ത് പറയാതെയാണ് നടിയും കാൻസർ പോരാളിയുമായ മംമ്തയുടെ പ്രതികരണം. ചിലർ കാൻസറിനോട് ഏറ്റുമുട്ടുമ്പോൾ മറ്റുചിലർ ഇതിനെ സ്റ്റണ്ടായി മാത്രം കാണുന്നുവെന്നാണ് നടി കാൻസർ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.  

“കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും ‘സ്റ്റണ്ട്’. ഇതാണ് നമ്മൾ ജീവിക്കുന്ന ലോകം. സ്വയം സംരക്ഷിക്കു. എപ്പോഴും ആദ്യ പരിഗണന നിങ്ങള്‍ക്കായിരിക്കണം. നിങ്ങളെ തോല്‍പ്പിക്കാനാവില്ല. രോഗത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവരെയും പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു'- മംമ്ത സോഷ്യൽ മീഡിയയിൽ കുറിച്ചു.  

കാൻസറിനെതിരെ ധൈര്യപൂർവം പോരാടിയ വ്യക്തിയാണ് മംമ്ത മോഹൻദാസ്. 2009ലാണ് താരത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ 2013ലാണ് താരം രോഗമുക്തി നേടുന്നത്. ഇതിനുപിന്നാലെ കാൻസർ ബോധവത്കരണവുമായി താരം നിരന്തരം രംഗത്തെത്താറുണ്ട്. അതേസമയം, സെർവിക്കൽ കാൻസർ ബോധവത്ക്കരണത്തിനു വേണ്ടി സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ച് ആളുകളെ തെറ്റിധരിപ്പിച്ച പൂനം പാണ്ഡെയുടെ പ്രവൃത്തി വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News