മമ്മൂട്ടിയുടെ പേരില്‍ സിനിമാ തട്ടിപ്പ്; മുന്നറിയിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

മമ്മൂട്ടി, ലാല്‍, ദൃശ്യ എന്നിവരുടെ പേരും ചിത്രങ്ങളും തട്ടിപ്പിനായി ഉപയോഗിച്ച പോസ്റ്ററിലുണ്ട്

Update: 2022-06-14 12:34 GMT
Editor : ijas
Advertising

നടന്‍ മമ്മൂട്ടിയുടെ പേരില്‍ സിനിമാ തട്ടിപ്പ് നടക്കുന്നതായി നിര്‍മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എന്‍.എം. ബാദുഷ. മമ്മൂട്ടി, സംവിധായകരായ ലാല്‍, ലാല്‍ ജൂനിയര്‍, നിര്‍മാണ കമ്പനിയായ ലാല്‍ മീഡിയ എന്നിവരുടെ പേര് ഉപയോഗിച്ച് ഓഡിഷന്‍, വര്‍ക്ക് ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ കാന്‍വാസിങ് എന്നീ രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതായി അറിഞ്ഞതായും എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവില്‍ ഇല്ലെന്നും ബാദുഷ അറിയിച്ചു. തട്ടിപ്പിനെതിരെ ലാല്‍ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഇതിന്‍റെ പേരില്‍ നടന്ന പണമിടപാടുകളില്‍ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലെന്നും ബാദുഷ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാദുഷ മുന്നറിയിപ്പ് നല്‍കിയത്.

'കാണാതെ' എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് ബാദുഷ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലാല്‍ ജൂനിയര്‍ ക്രിയേറ്റീവ് ഡയറക്ടര്‍ ആയിരിക്കുമെന്നും ലാല്‍ മീഡിയ ആയിരിക്കും സിനിമ അവതരിപ്പിക്കുകയെന്നും പോസ്റ്റര്‍ വ്യക്തമാക്കുന്നു. മമ്മൂട്ടി, ലാല്‍, ദൃശ്യ എന്നിവരുടെ പേരും ചിത്രങ്ങളും പോസ്റ്ററിലുണ്ട്. റഷീദ് ബക്കര്‍ എന്നയാളാണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നതായി പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. പാപ്പായി സ്റ്റുഡിയോ അംഗങ്ങള്‍ ആകും പിന്നണിയില്‍ എന്നും പോസ്റ്ററിലുണ്ട്. 

ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ്:

ദോഹ-ഖത്തർ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വർഷത്തോളമായി മമ്മൂക്കയുടെയും ലാൽ മീഡിയ ലാൽ, ലാൽ ജൂനിയർ, എന്നിവരുടെ പേരിലും ഓഡിഷൻ, വർക്ക് ഷോപ്പുകള്‍, പ്രൊഡ്യൂസർ കാൻവാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികൾ നടക്കുന്നതായി അറിഞ്ഞു. എന്നാൽ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവിൽ ഇല്ല. ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാൽ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിന്‍റെ പേരിൽ നടന്ന പണമിടപാടുകളിൽ അവർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പിൽ ആരും പോയി വീഴാതിരിക്കുക.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News