"എല്ലാ ആരാധനാലയങ്ങളിലും പോവാറുണ്ട്, എന്‍റെ മക്കളെയും ഇതു തന്നെ പഠിപ്പിക്കും"-വിജയ്
"തുപ്പാക്കിയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് ഞാൻ ആദ്യമായി ഒരു ദർഗയിൽ പോയത്"
താൻ എല്ലാ മത വിശ്വാസികളുടേയും ആരാധനാലയങ്ങളിൽ പോവാറുണ്ടെന്നും മതവിശ്വാസത്തിന്‍റെ പേരിൽ ആരും തനിക്ക് മുന്നിൽ നിയന്ത്രണങ്ങൾ വക്കാറില്ലെന്നും തമിഴ് സൂപ്പർ താരം വിജയ്. തന്‍റെ പുതിയ ചിത്രമായ ബീസ്റ്റിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സണ്‍ ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. ബീസ്റ്റ് സംവിധായകന്‍ ദിലീപ് കുമാറാണ് അഭിമുഖം നടത്തിയത്. ജോർജിയയിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒരു ക്രിസ്റ്റ്യന്‍ ദേവാലയം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ദിലീപ് കുമാറിന്‍റെ ചോദ്യത്തിനായിരുന്നു താരത്തിന്‍റെ മറുപടി.
"ഞാൻ ആത്മീയതയിൽ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ചർച്ചുകളിലും അമ്പലങ്ങളിലും ദർഗകളിലും പോവാറുണ്ട്. തുപ്പാക്കിയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് ഞാൻ ആദ്യമായി ഒരു ദർഗ സന്ദര്‍ശിച്ചത്. എല്ലാ ആരാധനാലയങ്ങളിലും ദൈവികമായൊരു അനുഭൂതി എനിക്ക് അനുഭവിക്കാനാവുന്നുണ്ട്. എന്‍റെ അമ്മ ഒരു ഹിന്ദു മത വിശ്വാസിയാണ്. അച്ഛനാവട്ടെ ഒരു ക്രിസ്റ്റ്യാനിയും. അവർ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഏത് ആരാധനാലയത്തിലാണ് പോകേണ്ടത് എന്ന കാര്യത്തിൽ ഒരാളും ഇതു വരെ എനിക്ക് മുന്നിൽ നിയന്ത്രണങ്ങൾ വച്ചിട്ടില്ല. എന്‍റെ മക്കളെയും ഞാൻ ഇത് തന്നെ പഠിപ്പിക്കും"- വിജയ് പറഞ്ഞു.
തന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ദിലീപ് കുമാറിന്‍റെ ചോദ്യത്തിന് താരത്തിന്‍റെ മറുപടി ഇതായിരുന്നു.
" 'ദൈവം ഇച്ഛിച്ചാൽ' താൻ രാഷ്ട്രീയത്തിൽ വരുമെന്ന് രജനീകാന്ത് എപ്പോഴും പറഞ്ഞിരുന്നു. ഞാൻ ദളപതിയാവണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്, തലൈവനാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ" വിജയ് പറഞ്ഞു.
ഏപ്രിൽ 13 നാണ് വിജയുടെ പുതിയ ചിത്രം 'ബീസ്റ്റ്' ബിഗ് സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രം ബോക്‌സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയുടെ കരിയറിലെ 65ാമത്തെ ചിത്രമാണിത്. മലയാളി താരങ്ങളായ ഷെൻ ടോം ചാക്കോയും അപർണാ ദാസും ചിത്രത്തിലെത്തുന്നുണ്ട്.