നിവിൻ പോളി-ഉണ്ണികൃഷ്ണൻ ബി ചിത്രം പ്രതിഛായയിൽ ഉമ്മൻചാണ്ടി റഫറൻസോ?
ഈ നാല് ചിത്രങ്ങൾ ചേർത്തുവച്ചാണ് ഇപ്പോൾ സിനിമാ പ്രേമികൾ ഡീകോഡിംഗ് ചെയ്യുന്നത്
വ്യാഴാഴ്ച്ച പുറത്തിറങ്ങാനിരിക്കുന്ന നിവിൻ പോളി - ഉണ്ണികൃഷ്ണൻ ബി ചിത്രമായ പ്രതിഛായ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത് സിനിമയിലെ ഉമ്മൻചാണ്ടി റഫറൻസ് കൊണ്ടാണ്. സിനിമയിലെ രണ്ട് റഫറൻസ് ചിത്രങ്ങൾ വെച്ചുള്ള പോസ്റ്റുകളാണ് ചർച്ചയായത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കഥയാണോ എന്നാണ് ആളുകൾ അന്വേഷിക്കുന്നത്. അതിനാസ്പദമായ രണ്ട് ചിത്രങ്ങളാണ് സിനിമ ട്രാക്കർമാർ കണ്ടെത്തിയിരിക്കുന്നത്. ഒന്ന് നെറ്റിയിൽ മുറിവുമായി നിൽക്കുന്ന ഉമ്മൻചാണ്ടിയുടേയും ബാലചന്ദ്രമേനോന്റേയും ചിത്രം. മറ്റൊന്ന് ഉമ്മൻചാണ്ടിയുടെ കല്ലറ പോലെയുള്ള ഒരു കല്ലറയുടെ ചിത്രം. ഈ നാല് ചിത്രങ്ങൾ ചേർത്തുവച്ചാണ് ഇപ്പോൾ സിനിമാ പ്രേമികൾ ഡീകോഡിംഗ് ചെയ്യുന്നത്.
ഉമ്മൻ ചാണ്ടിയുട ജീവിതകഥയല്ല ഈ സിനിമ എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ പറയുമ്പോഴും ചർച്ചകൾ സജീവമാവുകയാണ്. എക്സിൽ തുടങ്ങിയ ഈ ചർച്ച ഫേസ്ബുക്ക്, ഇൻസ്റ്റാ പ്ലാറ്റ്ഫോമുകളിലും സജീവമായി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സമയത്ത് ചിത്രം രാഷ്ട്രീയകൊടുങ്കാറ്റ് സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും.