'ഹൃദയാഘാതം സംഭവിച്ചത് കോവിഡ് വാക്‌സിനല്ല': വ്യക്തത വരുത്തി മെഡിക്കല്‍ സംഘം

കോവിഡ് വാക്സിനേഷന്‍ കാരണമാണ് തമിഴ്‌നടന്‍ വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന വാര്‍ത്തകള്‍ തള്ളി മെഡിക്കല്‍ സംഘം.

Update: 2021-04-17 10:14 GMT

കോവിഡ് വാക്സിനേഷന്‍ കാരണമാണ് തമിഴ്‌ നടന്‍ വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന വാര്‍ത്തകള്‍ തള്ളി മെഡിക്കല്‍ സംഘം. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ പൂര്‍ണമായും രക്തം കട്ട പിടിച്ച നിലയിലായിരുന്നുവെന്നും അത് കോവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്നും എസ്.ഐ.എം.എസ് ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു വ്യക്തമാക്കി. വിവേകിനെ ചികിത്സിച്ച ആശുപത്രിയാണ് എസ്.ഐ.എം.എസ്.

വിവേകിന് വെന്‍ട്രികുലാര്‍ ഫിബര്‍ലിയേഷന്‍ എന്ന പ്രത്യേകതരം ഹൃദയസ്തംഭനമാണ് സംഭവിച്ചതെന്നും തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയാന്‍ ഇത് കാരണമായെന്നും ഡോക്ടര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ അബോധാവസ്ഥയിലായിരുന്നു വിവേകിനെ ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതുമായി വിവേകിന്റെ ഹൃദയാഘാതത്തിന് ബന്ധമില്ലെന്ന് തമിഴ്‌നാട് ആരോഗ്യസെക്രട്ടറി ജെ. രാധാകൃഷ്ണനും നേത്തെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച തന്നെ വിവേകിനെ കോവിഡ് പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ നെഗറ്റീവായിരുന്നു ഫലമെന്നും അദ്ദേഹത്തിന്റെ സിടി സ്‌കാനില്‍ പോലും കോവിഡിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Advertising
Advertising

ആശുപത്രിയിൽ എത്തിച്ച ഉടനെ എമർജെൻസി ടീമും കാർഡിയോളജി ടീമും ചേർന്ന് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരുന്നിന് പരിശ്രമിക്കുകയായിരുന്നു. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ആണ് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നെന്ന് മെഡിക്കൽ സംഘം പത്രസമ്മേളനത്തിൽ പറഞ്ഞു. വീട്ടിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

തമിഴ് ഹാസ്യ താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്ന്യൻ തുടങ്ങി നൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും വിവേക് കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News