ദാദാസാഹേബ് ഫാൽകെ പുരസ്കാരം വിഖ്യാത നടി ആശാ പരേഖിന്
ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ പരേഖ് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: 2020ലെ ദാദാസാഹേബ് ഫാൽകെ പുരസ്കാരം വിഖ്യാത ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. ആശാ ഭോസ്‍ലെ, ഹേമ മാലിനി, പൂനം ഡില്ലണ്‍, ടി.എസ് നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറി പാനലാണ് പുസ്കാരം നിര്‍ണയിച്ചത്.
ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ പരേഖ് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളായ ആശാ പരേഖിനെ 1992ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ഭറോസ, കട്ടി പതംഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടി കൂടിയാണ് ആശാ പരേഖ്.
1952ൽ ബാലതാരമായി ബേബി ആശാ പരേഖ് എന്ന പേരിലാണ് അഭിനയജീവിതം തുടങ്ങിയത്. 1959ൽ നസീർ ഹുസൈൻ സംവിധാനം ചെയ്ത ദിൽ ദേഖൊ ദേഖൊ എന്ന ചിത്രത്തിൽ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചു. പിന്നീട് നിരവധി ഹിറ്റുകൾ.
1998 മുതൽ 2001 വരെ ഇന്ത്യൻ ഫിലിം സെൻസർ ബോർഡ് അധ്യക്ഷയായിരുന്നു. രജനീകാന്തിനായിരുന്നു 2019ലെ ദാദാസാഹിബ് ഫാൽകെ പുരസ്കാരം.