മരക്കാര്‍ തിയേറ്ററില്‍ തന്നെ, 40 കോടി അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്; ലിബര്‍ട്ടി ബഷീര്‍

ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ, ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Update: 2021-10-22 13:46 GMT
Editor : abs | By : Web Desk
Advertising

മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ, ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യാനായി 40 കോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ തീയേറ്റര്‍ റിലീസിനൊപ്പം ഒടിടിയില്‍ റിലീസ് ഉണ്ടായേക്കാം. തിയേറ്ററില്‍ റിലീസ് ചെയ്യാത്ത സാഹചര്യം ഉണ്ടാവില്ലെന്ന് നിര്‍മാതാവ് ഉറപ്പ് നല്‍കിയാതായും അദ്ദേഹം പറഞ്ഞു. ക്രിസ്മസിന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും ലബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിയറ്ററുകള്‍ തുറക്കുന്നതിന് മുമ്പ് സിനിമാ മേഖലക്ക് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അനുകൂല നിലപാട് സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ ഇതരഭാഷ സിനിമകള്‍ തിങ്കളാഴ്ച തിയറ്ററുകളില്‍ എത്തും.

വിനോദ നികുതി, വൈദ്യുതി, കെട്ടിട നികുതി എന്നിവയിലാണ് പ്രധാനമായും ഇളവ് ആവശ്യപ്പെട്ടത്. വിനോദനികുതിയില്‍ ഇളവ് നല്‍കുമെന്നും വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കോവിഡ് സാഹചര്യം പരിഗണിച്ച് സര്‍വീസ് ചാര്‍ജില്‍ വര്‍ധനവ് വരുത്തണമെന്ന ആവശ്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും, നവംബര്‍ 25ന് സുരേഷ് ഗോപിയുടെ കാവലും തിയറ്ററുകളിലെത്തും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News