ചെന്നൈ: സൂപ്പർസ്റ്റാർ രജിനികാന്തും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ എന്റർടെയ്നർ ചിത്രം 'ധർമനി'ലൂടെയാണ് ഹിറ്റ് ജോഡി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നിർമാതാക്കളായ കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ചിത്രത്തിലേക്ക് നയൻതാരയെ സ്വാഗതം ചെയ്തത്.
'Some Eyes say it all... THE CHARISMA ARRIVES' എന്ന കുറിപ്പോടെ നയൻതാരയുടെ ലുക്കും, 'THE AURA IS DOUBLE' എന്ന ക്യാപ്ഷനോടെ ഇരുവരുടെയും നിഴൽരൂപം വ്യക്തമാക്കുന്ന സിലൗറ്റ് പോസ്റ്ററുമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. 'Welcome on board mam' എന്ന് കുറിച്ചുകൊണ്ട് സംവിധായകൻ അശ്വത് മാരിമുത്തുവും സോഷ്യൽ മീഡിയയിലൂടെ നയൻതാരയുടെ വരവ് സ്ഥിരീകരിച്ചു.
ആറാം തവണ ഒന്നിക്കുന്ന ഹിറ്റ് കോംബോ
2021-ൽ പുറത്തിറങ്ങിയ അണ്ണാത്തെയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇതിനുമുമ്പ് ചന്ദ്രമുഖി, കുസേലൻ, ദർബാർ, അണ്ണാത്തെ എന്നീ ചിത്രങ്ങളിലാണ് രജനികാന്തും നയൻതാരയും ഒന്നിച്ചഭിനയിച്ചത്. ഇതിനുപുറമെ ശിവാജി എന്ന ചിത്രത്തിലെ ബല്ലെലക്ക എന്ന ഗാനരംഗത്തിലും നയൻതാര അതിഥി വേഷത്തിലെത്തിയിരുന്നു. ധർമനിൽ നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വൻ താരനിരയോടെ 'ധർമൻ'
ഓ മൈ കടവുളേ, ഡ്രാഗൺ തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അശ്വത് മാരിമുത്തു ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. രജനികാന്തിനും നയൻതാരയ്ക്കും ഒപ്പം സിമ്രാൻ, ശ്രീലീല, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പേട്ട എന്ന ചിത്രത്തിന് ശേഷം സിമ്രാൻ രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. നികേത് ബൊമ്മി ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. തുടക്കത്തിൽ സി.സുന്ദർ, പിന്നീട് സിബി ചക്രവർത്തി എന്നിവരെയായിരുന്നു ചിത്രത്തിന്റെ സംവിധായകരായി നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിത കാരണങ്ങളാൽ ഇരുവരും പദ്ധതിയിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് അശ്വത് മാരിമുത്തു പ്രൊജക്റ്റിന്റെ അമരത്ത് എത്തിയത്.
റിലീസ് മാറ്റിവെച്ചേക്കും
ജയിലർ 2ന്റെ വിജയത്തിന് ശേഷമെത്തുന്ന രജനി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ധർമനെ നോക്കിക്കാണുന്നത്. 2027 ജനുവരിയിൽ പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു പ്രാഥമിക പദ്ധതിയെങ്കിലും, കമൽ ഹാസന്റെ ഇന്ത്യൻ 3യുമായുള്ള തിയേറ്റർ ഏറ്റുമുട്ടൽ ഒഴിവാക്കാനായി റിലീസ് 2027 ഏപ്രിൽ 30-ലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി നിർമാതാക്കൾ ഉടൻ പ്രഖ്യാപിക്കും.