'ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു, ഒരു ദിവസം കൊണ്ട് പ്രണയത്തിലായവരല്ല ഞങ്ങൾ'; നാഗാര്‍ജുന വിവാഹഭ്യര്‍ഥന നടത്തിയതിനെക്കുറിച്ച് അമല

എല്ലാ ശ്രമങ്ങൾ നടത്തിയിട്ടും ഒരു ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ ഇരുവരും പിരിയുന്നതാണ് നല്ലതെന്ന് അമല പറഞ്ഞു

Update: 2026-11-18 06:33 GMT

ഹൈദരാബാദ്: ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന അഭിനേത്രിയായിരുന്നു അമല. ബംഗാളിയായ അമല മുഖര്‍ജി തെലുഗു താരം അക്കിനേനി നാഗാര്‍ജുനയെ വിവാഹം കഴിച്ചതോടെ അമല അക്കിനേനി എന്നാണ് പിന്നീട് അറിയപ്പെട്ടത്. 80കളിൽ തുടങ്ങി വെറും ആറ് വര്‍ഷം നീണ്ട കരിയര്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ അമലക്ക് സാധിച്ചു. രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, വെങ്കിടേഷ്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി. 1992ൽ കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് നാഗാര്‍ജുനയെ വിവാഹം കഴിക്കുന്നതും സിനിമ ഉപേക്ഷിക്കുന്നതും.

Advertising
Advertising

അടുത്തിടെ ഗലാട്ട തമിഴിന് ​​നൽകിയ അഭിമുഖത്തിൽ നാഗാര്‍ജുനയുമായി എങ്ങനെയാണ് പ്രണയത്തിലായതെന്നും വിവാഹത്തെക്കുറിച്ചും അമല മനസ് തുറന്നിരുന്നു. വളരെ നല്ല മനുഷ്യനെന്നാണ് നാഗിനെ അമല വിശേഷിപ്പിച്ചത്. ആദ്യം തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും രാം ഗോപാൽ വർമ്മയുടെ ശിവ (1989) എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം നാഗാര്‍ജുന നടിയോട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. നാഗാര്‍ജുനയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യഭാര്യ ലക്ഷ്മി ദഗുബതിയുമായി 1990ലാണ് വേര്‍പിരിയുന്നത്. ഈ ബന്ധത്തിലുള്ള മകനാണ് നടൻ നാഗചൈതന്യ. നടൻ വെങ്കിടേഷിന്‍റെ സഹോദരിയാണ് ലക്ഷ്മി.

ചെന്നൈ കലാക്ഷേത്രയിലെ വിദ്യാര്‍ഥിനി ആയിരുന്ന അമല കലാക്ഷേത്ര ഫൗണ്ടേഷന്റെ പ്രാർത്ഥനാ ഹാളിൽ വച്ചാണ് വിവാഹിതയാകുന്നതും. അധ്യാപകര്‍ക്കും സുഹൃത്തുക്കൾക്കും ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.


പ്രണയത്തിന് സമയവും പ്രതിബദ്ധതയും ആവശ്യമാണെന്ന് പറഞ്ഞ അമല അത് ഒരു ദിവസം കൊണ്ടോ ആദ്യ കാഴ്ചയിൽ തന്നെയോ സംഭവിക്കുന്നതല്ലെന്നും നിരന്തരമായ ഇടപെടലുകളിലൂടെ സംഭവിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. പരസ്പരം സ്നേഹത്തിലായിക്കഴിഞ്ഞാൽ ഒരാൾ മറ്റൊരാളെ വേദനിപ്പിക്കരുത്. സ്നേഹമില്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു പ്രവൃത്തിയും നിങ്ങളിൽ നിന്നുണ്ടാകരുത്. ഇത് ഉറപ്പാക്കാൻ ആവശ്യമെങ്കിൽ ഒരാൾ പൂര്‍ണമായും മാറണമെന്നും അമല പറയുന്നു.

എന്നാൽ, എല്ലാ ശ്രമങ്ങൾ നടത്തിയിട്ടും ഒരു ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ ഇരുവരും പിരിയുന്നതാണ് നല്ലതെന്ന് അമല പറഞ്ഞു. "അത് ശരിയാകുന്നില്ലെങ്കിൽ... ചില വിവാഹങ്ങളിൽ അങ്ങനെ സംഭവിക്കാറുണ്ട്... അത് വേദനാജനകമായിരിക്കും, എങ്കിലും അത് വിട്ടുകളയുക. ഇന്നത്തെക്കാലത്ത് വിവാഹമോചനം (ഡിവോഴ്സ്) എന്നൊരു മാർഗമുണ്ട്. ഒരുമിച്ച് നിന്ന് ദുരിതമനുഭവിക്കുന്നതിനേക്കാൾ നല്ലത് വിവാഹമോചനം നേടി മുന്നോട്ട് പോകുന്നതാണ്. എന്നാൽ വിവാഹമോചനത്തിന് ശേഷം മറ്റേയാളെക്കുറിച്ച് സംസാരിക്കാതിരിക്കുകയും പൂർണമായും ജീവിതത്തിൽ മുന്നോട്ട് പോകുകയും വേണം," അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News