ആ നഗ്ന ഫോട്ടോ മോര്‍ഫ് ചെയ്തത്: രണ്‍വീര്‍ സിങ്

മുംബൈ പൊലീസിന് നല്‍കിയ മൊഴിയിലാണ് രണ്‍വീറിന്‍റെ വെളിപ്പെടുത്തല്‍.

Update: 2022-09-15 09:58 GMT

തന്‍റെ നഗ്ന ഫോട്ടോയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിങ്ങിന്‍റെ മൊഴി. ഒരു ഫോട്ടോയില്‍ രണ്‍വീറിന്‍റെ സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമായിരുന്നുവെന്നാണ് ആരോപണം. മുംബൈ പൊലീസിന് നല്‍കിയ മൊഴിയിലാണ് രണ്‍വീറിന്‍റെ വെളിപ്പെടുത്തല്‍.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പേപ്പര്‍ മാഗസിനായി രണ്‍വീര്‍ സിങ് നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്. ഫോട്ടോയില്‍ അശ്ലീലം ആരോപിച്ച് ജൂലൈ 26ന് പൊലീസില്‍ പരാതിയെത്തി. തുടര്‍ന്ന് മുംബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അശ്ലീലം ആരോപിക്കപ്പെട്ട ചിത്രം താന്‍ സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്തവയില്‍ ഉള്‍പ്പെടുന്നതല്ലെന്ന് രണ്‍വീര്‍ അവകാശപ്പെട്ടു.

Advertising
Advertising

താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഏഴ് ഫോട്ടോകളിലും അശ്ലീലമില്ലെന്നും താന്‍ അടിവസ്ത്രം ധരിച്ചിരുന്നുവെന്നുമാണ് രണ്‍വീര്‍ മൊഴി നല്‍കിയതെന്ന് മുംബൈ പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ സ്വകാര്യ ഭാഗങ്ങൾ ദൃശ്യമാണെന്ന് ആരോപിക്കപ്പെട്ട ഫോട്ടോ മോർഫ് ചെയ്തതാണ്. അത് ഫോട്ടോഷൂട്ടിന്റെ ഭാഗമല്ലെന്ന് രണ്‍വീര്‍ അവകാശപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

മോർഫ് ചെയ്‌തതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി ഫോട്ടോ പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോട്ടോ മോർഫ് ചെയ്‌തതാണെന്ന് തെളിഞ്ഞാൽ രണ്‍വീറിന് ക്ലീൻ ചിറ്റ് ലഭിക്കും.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 292, 294, ഐടി നിയമത്തിലെ 509, 67 (എ) എന്നീ വകുപ്പുകൾ പ്രകാരമാണ് രണ്‍വീറിനെതിരെ കേസെടുത്തത്. നഗ്നതാ പ്രദര്‍ശനത്തിലൂടെ രൺവീർ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്നായിരുന്നു പരാതി. ഒരു വിഭാഗം രണ്‍വീറിനെതിരെ രംഗത്തെത്തിയപ്പോള്‍ രണ്‍വീറിനെ പിന്തുണച്ച് ബോളിവുഡില്‍ നിന്നടക്കം നിരവധി പേര്‍ രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ് ആ ഫോട്ടോഷൂട്ടെന്നാണ് രണ്‍വീറിന്‍റെ പിന്തുണച്ചവര്‍ ചൂണ്ടിക്കാട്ടിയത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News