ദൃശ്യഭാഷ സാക്ഷരത ശില്പശാല സംഘടിപ്പിച്ചു
അഭിനയ പരിശീലന കളരിയില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് ഹ്രസ്വചിത്രവും ചിത്രീകരിച്ചു
മോഹന്‍ലാല്‍ ചെയര്‍മാനായ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് പ്രോജക്ടിന്റെ ഭാഗമായി പ്രോജക്ട് സി.ഇ.ഒയും നടനുമായ രവീന്ദ്രന്റെ നേതൃത്വത്തില്‍ ദൃശ്യഭാഷ സാക്ഷരത ശില്പശാല സംഘടിപ്പിച്ചു. നിക്കോണ്‍ മിഡില്‍ ഈസ്റ്റിന്റെ സഹകരണത്തോടെയാണ് ശില്‍പശാല നടത്തിയത്. കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി സിനിമാ താല്‍പര്യമുള്ള യുവാക്കളെ കണ്ടെത്തിയാണ് പരിശീലന കളരി നടത്തിയത്. കൂത്തുപറമ്പ് ചെയര്‍പേഴ്‌സന്‍ സുജാത ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ മുഹമ്മദ് റാഫി, ബിജു, കെ അജിത എന്നിവര്‍ സംബന്ധിച്ചു.
ശില്‍പശാലയുടെ ഭാഗമായി കണ്ണൂര്‍ കൂത്തുപറമ്പ് പരിസര പ്രദേശങ്ങളിലായി ഭാഗമായി 'കണ്ട്‌റകുട്ടി ' എന്ന ഹൃസ്വചിത്രവും ചിത്രീകരിച്ചു. സാദിഖ് കാവില്‍ കഥയും തിരക്കഥയും നിര്‍വഹിച്ചു. കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ അബുദാബി ചാപ്റ്ററാണ് ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മാസ്റ്റര്‍ അനുദേവ് , ഷിജിന സുരേഷ്, ഷഫീഖ് തവരയില്‍, ശ്രീരാജ് , ശ്രീ ലക്ഷ്മി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സിനിമ നിര്‍മാണ പരിശീലനം നല്‍കിയായിരുന്നു ചിത്രീകരണം. ഇവരെ കൂടാതെ കൂത്തു പറമ്പിലെ ഒട്ടേറെപേര്‍ ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചു.
ഹരിപ്രസാദ് കാഞ്ഞങ്ങാട്, ഫൈസല്‍ എറണാകുളം, എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. എസ്. ശ്രീരാജ് ശബ്ദലേഖനം നിര്‍വഹിച്ചു. കണ്ണൂരിന് പുറമെ ശില്‍പശാലയും തുടര്‍ന്നുള്ള ചിത്രീകരണവും തിരുവനന്തപുരം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നടത്തുമെന്ന് നടന്‍ രവീന്ദ്രന്‍ പറഞ്ഞു.