ഒടിടിയിൽ തീപാറും! ദിലീപിന്റെ ബാന്ദ്രയും വിജയ് ദേവരകൊണ്ടയുടെ രണബാലിയും; ഈ ആഴ്ച കാത്തിരിക്കുന്നത് വമ്പൻ റിലീസുകൾ...

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ദായ്റയും ഈ ആഴ്ചയിലെ ശ്രദ്ധേയമായ റിലീസുകളിലൊന്നാണ്

Update: 2026-11-12 14:05 GMT

തിയറ്ററുകളിൽ നിറഞ്ഞാടിയ ഹിറ്റ് ചിത്രങ്ങൾക്കും, പുത്തൻ വെബ് സീരീസുകൾക്കുമായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഈ ആഴ്ച ഒടിടിയിൽ കിടിലൻ റിലീസുകൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളും സീരീസുകളുമാണ് ഈ ആഴ്ച റിലീസിനെത്തുന്നത്. ദിലീപ് ചിത്രം 'ബാന്ദ്ര', വിജയ് ദേവരകൊണ്ടയുടെ 'രാണബാലി', കരീന കപൂറും പൃഥ്വിരാജും ഒന്നിക്കുന്ന 'ദായ്റ' തുടങ്ങിയവയാണ് ഈ ആഴ്ചത്തെ പ്രധാന ആകർഷണങ്ങൾ. ഇന്നലെയെത്തിയ രജനീകാന്ത് ചിത്രം ജയിലർ രണ്ടാം ഭാഗത്തെയും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഒടിടി പ്രേക്ഷകർ

വിജയ് ദേവരകൊണ്ടയുടെ രണബാലി നെറ്റ്ഫ്ലിക്സിൽ

Advertising
Advertising

രാഹുൽ സാങ്കൃത്യന്‍റെ സംവിധാനത്തിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമയാണ് 'രണബാലി'. ചിത്രം നവംബർ 13ന് നാളെ നെറ്റ്ഫ്ലിക്സിലെത്തും. ബ്രിട്ടീഷ് ഭരണകാലത്തെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കോളനിവാഴ്ചയ്ക്കെതിരെ പോരാടുന്ന കഥാപാത്രമായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ബാന്ദ്ര; ഒടിടിയിലെത്തുന്നത് ZEE5ൽ

ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങളിലെത്തിയ അരുൺ ഗോപി ചിത്രം 'ബാന്ദ്ര' നവംബർ 13ന് ZEE5ലൂടെ സ്ട്രീമിങ് ആരംഭിക്കും. 2023ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രതീക്ഷക്കൊത്തുയർന്ന പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല. ദിലീപിനെ കൂടാതെ ഡിനോ മോറിയ, മംമ്ത മോഹൻദാസ്, ആർ. ശരത്കുമാർ, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സിനിമാ ലോകത്തെ ചില ദുരൂഹ സംഭവങ്ങളും അധോലോക ബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

ദായ്റ; കരീനയും പൃഥ്വിരാജും നേർക്കുനേർ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം ഡ്രാമയാണ് 'ദായ്റ'. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത നീതിബോധമുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണമാണ് പ്രമേയം. നവംബർ 13ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് കരീന എത്തുന്നത്. പൃഥ്വിരാജും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദി തേർഡ് മർഡർ; കുറ്റാന്വേഷണത്തിന്റെ വഴികളിലൂടെ

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സുനിൽ ഇബ്രാഹിം ചിത്രമാണ് 'ദി തേർഡ് മർഡർ'. നവംബർ 13ന് മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തുടർച്ചയായ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന പൊലീസ് അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഡിവൈഎസ്പി ക്രിസ്റ്റി എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.

സ്റ്റുഡന്റ് ഓഫ് ദി ഇയർ: ആഫ്റ്റർ ഡാർക്ക്

പ്രശസ്തമായ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' ഫ്രാഞ്ചൈസിയുടെ പുതിയ അവതരണമാണ് 'സ്റ്റുഡന്റ് ഓഫ് ദി ഇയർ: ആഫ്റ്റർ ഡാർക്ക്'. ഷനായ കപൂർ പ്രധാന വേഷത്തിലെത്തുന്ന സീരീസ് നവംബർ 13ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇരട്ടസഹോദരിയുടെ മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ ഒരു എലൈറ്റ് സ്കൂളിലെത്തുന്ന പെൺകുട്ടിയുടെ കഥയാണ് സീരീസ് പറയുന്നത്. ക്യാമ്പസ് മത്സരങ്ങൾക്കൊപ്പം ദുരൂഹതയും അന്വേഷണവും നിറഞ്ഞ കഥാപശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - എന്റർടെയ്ൻമെന്റ് ഡെസ്ക്

contributor

Similar News