ആക്ഷേപകരമായ ഉള്ളടക്കമെന്ന് പരാതി; ഓസ്‌കാർ എൻട്രി നേടിയ ചിത്രം നിരോധിച്ച് പാകിസ്താൻ

കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രവും ജോയ്‌ലാൻഡാണ്

Update: 2022-11-14 10:42 GMT

വിവിധ ചലച്ചിത്ര മേളകളിൽ ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സലിം സാദിഖ് സംവിധാനം ചെയ്ത ചിത്രം ജോയ്‌ലാൻഡിന് നിരോധനമേർപ്പെടുത്തി പാകിസ്താൻ. ആക്ഷേപകരമായ ഉള്ളടക്കം എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഓസ്‌കറിലേക്കുള്ള പാകിസ്താന്റെ ഔദ്യോഗിക എൻട്രിയായിരുന്നു ചിത്രം. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രവും ജോയ്‌ലാൻഡാണ്. മേളയിലെ ക്വീർ പാം പുരസ്‌കാരവും ചിത്രത്തിനായിരുന്നു. ടൊറോന്റോ, ബുസാൻ ചലച്ചിത്രമേളകളിലും ജോയ്‌ലാൻഡ് പ്രദർശിപ്പിച്ചു. ഇത്രയൊക്കെ അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിട്ടും രാജ്യത്ത് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.

Advertising
Advertising

നവംബർ 18നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ആക്ഷേപകരമായ ഉള്ളടക്കമാണ് ചിത്രത്തിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അധികൃതർ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ പ്രമേയം അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് 17ന് ജോയ്ലാൻഡിന് സ്‌ക്രീനിങ്ങിനുള്ള സർട്ടിഫിക്കറ്റ് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് എതിർപ്പുകൾ ഉയർന്നുവന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് വാർത്താ പ്രക്ഷേപണ വിനിമയ മന്ത്രാലയം സിനിമ നിരോധിക്കണമെന്ന തീരുമാനത്തിലെത്തിയത്.

നമ്മുടെ സമൂഹത്തിന്റെ സാമൂഹിക മൂല്യങ്ങളോടും ധാർമ്മിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും, മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങളോട് വെറുപ്പുളവാക്കുന്നതും വളരെ ആക്ഷേപകരമായ കാര്യങ്ങൾ സിനിമയിൽ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികൾ ലഭിച്ചു, അതിനാൽ ജോയ്‌ലാൻഡ് നിരോധിക്കുന്നു എന്നാണ് സിനിമാ നിരോധനത്തിൽ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.

ലാഹോറിലെ ഒരു കുടുംബത്തിന്റെ ജീവിത പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബത്തിലെ ഇളക മകനായ നായകൻ രഹസ്യമായി ഒരു ഡാൻസ് തിയേറ്ററിൽ ചേരുന്നതും ട്രാൻസ് യുവതിയുമായി പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News