'രണ്ട് തവണ കൊള്ളയടിക്കപ്പെട്ടു, പേടിയാണ്‌... കറാച്ചി ഒട്ടും സുരക്ഷിതമല്ല'; വെളിപ്പെടുത്തലുമായി നടി

"സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്, അത് രണ്ടും കറാച്ചിയിൽ കാണാൻ കഴിയില്ല"

Update: 2023-12-20 12:44 GMT
Advertising

പാകിസ്താനിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന് വെളിപ്പെടുത്തി പ്രശസ്ത നടി അയിഷ ഒമർ. കറാച്ചിയിൽ ജീവിക്കാൻ തനിക്ക് പേടിയാണെന്നും സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സുരക്ഷയുമൊന്നും അവിടെയില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

"സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. അത് രണ്ടും കറാച്ചിയിൽ കാണാൻ കഴിയില്ല. റോഡിലിറങ്ങി സ്വാതന്ത്ര്യത്തോടെ നടക്കാനും സൈക്കിൾ ഓടിക്കാനും ഒക്കെ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ കറാച്ചി ഒട്ടും സുരക്ഷിതമായ സ്ഥലമല്ല. ഇതെന്റെ മാത്രം അനുഭവമല്ല. ഇവിടെ ഒട്ടു മിക്ക സ്ത്രീകളുടെയും അവസ്ഥ ഇതു തന്നെയാണ്. ഓരോ നിമിഷവും പേടിയോടെയാണ് സ്ത്രീകളിവിടെ കഴിയുന്നത്. പുരുഷന്മാർക്ക് ഒരിക്കലും ഈ അവസ്ഥ മനസ്സിലാകില്ല.

ലാഹോറിൽ കോളജ് പഠനകാലത്ത് ഇതിലും സുരക്ഷിതത്വം എനിക്കനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ കറാച്ചിയിൽ അങ്ങനെയല്ല. ഇവിടെ രണ്ടു തവണ ഞാൻ കൊള്ളയടിക്കപ്പെട്ടു. ആരെങ്കിലും തട്ടിക്കൊണ്ടു പോകുമെന്നോ ബലാത്സംഗം ചെയ്യുമെന്നോ ഒക്കെ പേടിച്ചാണ് ഓരോ ദിവസവും കഴിയുന്നത്. വീടുകളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. എല്ലാ രാജ്യത്തും കുറ്റകൃത്യങ്ങളുണ്ടാകും, പക്ഷേ എന്നിരുന്നാലും പുറത്തിറങ്ങി നടക്കാനുള്ള സുരക്ഷിതത്വമുണ്ടാകും. എനിക്ക് തോന്നുന്നു, കോവിഡിന്റെ സമയത്താണ് സ്ത്രീകൾക്ക് ഇവിടെ കുറച്ചെങ്കിലും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഒക്കെയുണ്ടായിരുന്നത്. ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടിയോടെയല്ലാതെ പാർക്കിൽ പോലും പോകാനാകില്ല.

ലോകത്ത് ഏത് നാട്ടിലാണ് ജീവിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ തീർച്ചയായും പാകിസ്താൻ എന്ന് തന്നെയാകും ഞാൻ ഉത്തരം പറയുക. പക്ഷേ ഇവിടെ ഒട്ടും സുരക്ഷിതമല്ല എന്ന് കൂടി കൂട്ടിച്ചേർക്കണം. എന്റെ സഹോദരൻ പാകിസ്താനിൽ നിന്ന് ഡെൻമാർക്കിലേക്ക് താമസം മാറി. അമ്മയ്ക്കും മാറാൻ താല്പര്യമുണ്ട്". അയിഷ പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News