'കാട്ടാളനി'ലെ പാൻ ഇന്ത്യൻ എൻട്രി; പ്രേക്ഷകരെ ഞെട്ടിക്കാൻ സുനിലും കബീർ ദുഹാൻ സിങും
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ താരങ്ങളടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്
കൊച്ചി: മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന, പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളനി’ൽ സൂപ്പർതാരങ്ങളായ സുനിലും കബീർ ദുഹാൻ സിങും. ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ താരങ്ങളടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്.
പുഷ്പ, ജയിലർ, ഗുഡ് ബാഡ് അഗ്ലി, അല വൈകുണ്ഡപുരമുലൂ, മാവീരൻ, മാർക്ക് ആന്‍റണി, മഗധീര തുടങ്ങി ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനാണ് സുനിൽ. ആദ്യമായാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്. കബീർ ദുഹാൻ സിങ് മാർക്കോയിലൂടെ മലയാളത്തിൽ അരങ്ങേറിയിരുന്നു. കാട്ടാളനിൽ കിടിലൻ മേക്കോവറിൽ ഇരുവരും എത്തുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.
ചിത്രത്തിൽ ആക്ഷനൊരുക്കുന്നത് ലോക പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രഫർ കെച്ച കെംബഡികെ ആണെന്നാണ് സൂചന. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 എന്നിവയാണ് അദ്ദേഹം ആക്ഷൻ ഒരുക്കിയ പ്രധാന സിനിമകൾ. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റർ.