'ഒരു മാറ്റവുമില്ലല്ലോ'; ഇരുപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കണ്ട ബോളിവുഡ് നടി

തെലുങ്ക് ചിത്രം ഏജന്റിന്റെ ഷൂട്ടിങ്ങിനായി ഹംഗറിയിലാണ് മെഗാസ്റ്റാർ

Update: 2021-10-30 11:55 GMT
Editor : abs | By : Web Desk

സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ഷൂട്ടിങ്ങിനായി ഹംഗറിയിലാണിപ്പോള്‍ മെഗാസ്റ്റാർ മമ്മൂട്ടി. അവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ, വർഷങ്ങൾക്കുശേഷം തന്റെ പഴയ നായികയെ മമ്മൂട്ടി കണ്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ തേടിയെത്തിയിരിക്കുന്നത്.

1999ൽ പുറത്തിറങ്ങിയ മേഘം സിനിമയിൽ മമ്മൂട്ടിയുടെ നായികയായെത്തിയ പൂജ ബത്രയാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ''എല്ലാ മേഘം ആരാധകർക്കും, എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ മമ്മൂട്ടിക്കൊപ്പം. വളരെ നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം, ഇപ്പോഴും ഒരു മാറ്റവുമില്ല,''-എന്നാണ് പൂജ ബത്ര ചിത്രത്തോടൊപ്പം കുറിച്ചത്. 

Advertising
Advertising

ഭർത്താവ് നവാബ് ഷായാണ് പോസ്റ്റിൽ ആദ്യ കമന്റിട്ടത്. ഹൃദയത്തിന്റെ ഇമോജിയാണ് ഷാ പങ്കുവച്ചത്. ഭർത്താവിനൊപ്പം ഹംഗറിയിലാണ് പൂജ ബത്രയുള്ളത്. ഒക്ടോബർ 27ന് ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പൂജ ഷെയർ ചെയ്തിരുന്നു. 

ഭർത്താവിനൊപ്പമുള്ള യാത്രയുടെ മനോഹര ചിത്രങ്ങളും അവർ പങ്കു വച്ചിരുന്നു. ''ഭർത്താവ് എവിടെയാണോ അവിടെയാണ് വീട് എന്നാണ്,'' ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അവർ നൽകിയത്. 2019 ലായിരുന്നു നവാബ് ഷായുമായുള്ള പൂജയുടെ വിവാഹം. 

അതിനിടെ, ഏജന്റിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. നാഗാർജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനിയാണ് നായകൻ. സാക്ഷി വിദ്യയാണ് നായിക. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജൻറ്. 


വൈഎസ്ആറിൻറെ ജീവിതം പറഞ്ഞ 'യാത്ര'യ്ക്കു ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ റെക്കോർഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. 

നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ ചിത്രീകരണം. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുൽ ഹെരിയൻ. നവീൻ നൂലിയാണ് എഡിറ്റിംഗ്. എകെ എൻറർടെയ്ൻമെൻറ്‌സും സുരേന്ദർ സിനിമയും ചേർന്നാണ് ബിഗ് ബജറ്റ് ചിത്രത്തിൻറെ നിർമാണം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News