നടൻ പൂജപ്പുര രവി അന്തരിച്ചു

എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

Update: 2023-06-18 08:38 GMT

നടൻ പൂജപ്പുര രവി (എം രവീന്ദ്രൻനായർ) അന്തരിച്ചു. 86 വയസ്സായിരുന്നു. എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

ഒരു നാടിനെ സ്വന്തം പേരിനോട് ചേർത്ത നടനായിരുന്നു പൂജപ്പുര രവി. നാടക കാലം അഭിനയ ജീവിതത്തിന് അടിത്തറ പാകി. കുട്ടിക്കാലത്ത് ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിച്ചായിരുന്നു തുടക്കം. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യം.

എസ്.എൽ പുരം സദാനന്ദന്റെ 'ഒരാൾകൂടി കള്ളനായി' എന്ന നാടകത്തിൽ കൈയ്യടി നേടി. പിന്നീട് സിനിമ സ്വപ്നം കണ്ട് മദ്രാസിലേക്ക്. വേലുത്തമ്പി ദളവ ഉൾപ്പെടെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ. ജഗതി എൻ.കെ. ആചാരിയുടെ ശിക്ഷണത്തിൽ കലാനിലയം നാടകവേദിയിൽ സജീവ സാന്നിധ്യമായി. കായംകുളം കൊച്ചുണ്ണിയും രക്തരക്ഷസുമൊക്കെയായി നാടക വേദി നിറഞ്ഞ സുവർണ കാലം.

Advertising
Advertising

1976ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തതോടെ നിരവധി വേഷങ്ങൾ തേടിയെത്തി. സത്യൻ, നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവീനോ തോമസും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായ യാത്ര. മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങി എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ചു. പൂജപ്പുരയെ ഏറെ സ്നേഹിച്ച രവിയുടെ അവസാനകാലം മറയൂരിൽ മകൾക്കൊപ്പമായിരുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News