''നസീര്‍,വിന്‍സന്‍റ്,സുധീര്‍മാര്‍ക്കിടയില്‍ ഒരു സാധാരണക്കാരനായിരുന്നു മധു സാര്‍, ജീവിച്ചുപോട്ടെ എന്ന ഭാവം''

ഞങ്ങൾ കുട്ടികൾക്ക് പ്രേംനസീറിനോടും വിൻസന്‍റിനോടും സുധീറിനോടും ജയനോടും ഒക്കെയാണ് അന്ന് മുടിഞ്ഞ ഭ്രമം

Update: 2023-09-23 07:23 GMT
Editor : Jaisy Thomas | By : Web Desk

മധു

മലയാളസിനിമയുടെ മധു ഇന്ന് നവതിയുടെ നിറവിലാണ്. സിനിമാപ്രേമികള്‍ അദ്ദേഹത്തെ ആശംസകള്‍ കൊണ്ടുപൊതിയുകയാണ്. പ്രശസ്ത ഗാനനിരൂപകന്‍ മധുവിനെക്കുറിച്ച് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രവിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട പൈലി മാപ്ലക്ക് നവതി

മധുവിനോട് അത്ര മതിപ്പില്ലായിരുന്നു കുട്ടിക്കാലത്ത്. ആൾ വീരശൂര പരാക്രമിയല്ലല്ലോ. കോട്ടും ടൈയും കൂളിങ് ഗ്ലാസ്സും റിവോൾവറും സൂട്ട്കേസുമൊക്കെയായി കേസന്വേഷണത്തിനെത്തുന്ന സി ഐ ഡിയും അല്ല. നല്ല നല്ല പാട്ടുകളൊക്കെ പാടുകയും സുന്ദരിമാർക്ക് പിറകെ ഓടുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും മൊത്തത്തിൽ ഒരു വീര്യക്കുറവ് പോലെ; വിസ്കി, ബ്രാണ്ടിയാദികൾക്കു മുന്നിൽ ചെന്നുപെട്ട വൈനിന്‍റെ അവസ്ഥ.

Advertising
Advertising

ഞങ്ങൾ കുട്ടികൾക്ക് പ്രേംനസീറിനോടും വിൻസന്‍റിനോടും സുധീറിനോടും ജയനോടും ഒക്കെയാണ് അന്ന് മുടിഞ്ഞ ഭ്രമം. സത്യൻ മാഷ് അപ്പോഴേക്കും ഓർമ്മയായിരുന്നു. ആദ്യം ഒരു രസത്തിന് തോറ്റുകൊടുത്ത ശേഷം പിന്നീട് ശക്തമായി തിരിച്ചുവന്ന് കെ.പി ഉമ്മർ - ജോസ് പ്രകാശ് - ഗോവിന്ദൻ കുട്ടി - ജി.കെ പിള്ള പരിഷകളെ ഇടിച്ചു പഞ്ചറാക്കുന്നതായിരുന്നു നസീർ ശൈലി. ക്ളൈമാക്സിലെ ഡിഷും ഡിഷും കണ്ട് കയ്യടിച്ചു മരിച്ചുപോകും നമ്മൾ. കണ്ടാൽ പഞ്ചപാവമാണ് വിൻസന്‍റ്. ഫുൾടൈം കോളിനോസ് പുഞ്ചിരിക്കാരൻ. എന്നാൽ അടിയിലും അക്രമത്തിലും തെല്ലുമില്ല ദാക്ഷിണ്യം. ജയൻ പിന്നെയും മുന്നോട്ട് പോയി. നെഞ്ചു വിരിച്ചുള്ള നടത്തവും മസിലു പിടിത്തവും അർത്ഥഗർഭമായ മൂളലും ഒക്കെയായി ശരിക്കും ഒരു ഹെർക്കുലീസ് സ്റ്റൈൽ.

ഇവർക്കിടയിൽ പാവം മധു സാർ ഒരു സാധാരണക്കാരൻ. നിഷ്കളങ്കൻ. ജീവിച്ചുപോട്ടെ എന്ന ഭാവം. ഒച്ചയും വിളിയും അട്ടഹാസവും ഇല്ല. ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് അടിക്കാൻ കയ്യോങ്ങുന്ന ഏർപ്പാടില്ല. കഴിവതും മുണ്ടേ ഉടുക്കൂ. വില്ലന്മാർ വഷളത്തരം കാണിക്കുമ്പോൾ കണ്ണും പൂട്ടി അടിക്കാൻ പോവില്ല; പകരം സംസാരിച്ചു നന്നാക്കാൻ നോക്കും. പ്രേമത്തിൽ ഒട്ടും പിന്നിലല്ലായിരുന്നെങ്കിലും പല സിനിമകളിലും കാമുകിയെ ഒടുക്കം മറ്റാരെങ്കിലും കെട്ടിക്കൊണ്ടുപോകുന്നതായിരുന്നു പതിവ്. പിന്നെ കരച്ചിലായി, കടപ്പുറമായി, മദ്യസേവയായി, മാനസമൈനേ വരൂ, മംഗളം നേരുന്നു ഞാൻ പോലുള്ള ഗദ്ഗദ ഗീതങ്ങളായി.... പരാജിതരെ അംഗീകരിക്കാനുള്ള വിശാലമനസ്കതയില്ല അന്ന് ഞങ്ങൾ കുട്ടികൾക്ക്.

അതുകൊണ്ടു തന്നെ അത്തരം നായകരെ ഉൾക്കൊള്ളാൻ മടിച്ചു മനസ്സ്. ഇടക്കൊരു ചേഞ്ചിന് ഓളവും തീരവും, ഉമ്മാച്ചു ഒക്കെ ഉശിരൻ മധുക്കഥാപാത്രങ്ങളുമായി വന്നതായി കേട്ടിരുന്നെങ്കിലും വയനാട്ടിലെ ഞങ്ങളുടെ കൊച്ചു രോഷൻ ടോക്കീസിൽ അത്തരം സീരിയസ് പടങ്ങളൊന്നും വരില്ല. സി ഐ ഡിമാരും കൊള്ളക്കാരും കുതിരകളും ഒന്ന് ഒഴിഞ്ഞുതന്നിട്ട് വേണ്ടേ? അങ്ങനെയങ്ങനെ വഴക്കിനും വയ്യാവേലിക്കും മുതിരാതെ മധുവാഹിനി ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുമ്പോൾ അതാ വരുന്നു "ഇതാ ഇവിടെ വരെ.'' ചേവായൂർ ചന്ദ്രയിൽ ചെന്ന് ആ പടം കണ്ട രാത്രി മറക്കാനാവില്ല. അന്നാണ് മധുവാരാധനയുടെ തുടക്കം. ഫൈനലിൽ സോമനോട് തോൽക്കാനാണ് മധു സാറിന്‍റെ പൈലി മാപ്ലയ്ക്ക് യോഗമെങ്കിലും ആ തോൽവിയിൽ പോലുമുണ്ടായിരുന്നു അന്തസ്സുള്ള ഒരു മധു ടച്ച്.

വെസ്റ്റേൺ കൗബോയ് സിനിമകളിലെ നായകനെപ്പോലുള്ള എൻട്രി തന്നെ ബഹുകേമം. ഉറച്ച കാൽവെപ്പുകൾ, പുരികം ഉയർത്തിയുള്ള തീക്ഷ്ണമായ നോട്ടം, വിറക്കുന്ന കവിൾത്തടം, കത്തി കൊണ്ടുള്ള മീശ മിനുക്കൽ, ചുണ്ടിന്‍റെ കോണിൽ തിരുകിവെച്ച ബീഡി, ഇടക്കൊരു വഷളൻ ചിരി.... അവിടെ തുടങ്ങുന്നു മറ്റൊരു മധുയുഗം. പിന്നീടങ്ങോട്ട് അത്തരം റഫ് ആൻഡ് ടഫ് കഥാപാത്രങ്ങൾ നിരനിരയായി വന്നു. ഞാൻ ഞാൻ മാത്രം, ഇതാ ഒരു മനുഷ്യൻ, ഈറ്റ, ശുദ്ധികലശം, രക്തം.... എല്ലാം സൂപ്പർ ഹിറ്റുകൾ. പിന്നെ കുറേക്കാലം പോലീസ് വേഷങ്ങളുടെ അയ്യരുകളിയായിരുന്നു -- ഐ ജി, ഡി ഐ ജി, എസ് പി എന്നിങ്ങനെ. ഇടക്ക് തീക്കനൽ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഒരിക്കൽ കൂടി, ഇത്തിരിപ്പൂവേ ചുവന്നപൂവേ തുടങ്ങി അഭിനയപ്രധാനമായ വേഷങ്ങൾ... സംവിധായകനെന്ന നിലയിൽ മികവ് തെളിയിച്ച പടങ്ങൾ വേറെ.

കുട്ടിക്കാലത്ത് കാണാതെ പോയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ പലതും പിന്നീട് ആസ്വദിച്ച് കണ്ടിട്ടുണ്ട്: ഭാർഗവീനിലയം, ഓളവും തീരവും, വിത്തുകൾ, ഉമ്മാച്ചു, ഇൻക്വിലാബ് സിന്ദാബാദ്, പ്രിയ... പലതും കാലത്തിനു മുൻപേ പിറന്ന ചിത്രങ്ങൾ. ആവർത്തനവിരസമായ സി ഐ ഡിപ്പടങ്ങൾക്ക് പകരം ഇവയൊക്കെ കണ്ടിരുന്നെങ്കിൽ ആസ്വാദനശീലം തന്നെ മാറിപ്പോയേനെ അന്ന്. എങ്കിലും ദുഃഖമില്ല. യുട്യൂബിൽ ആ പടങ്ങൾ മിക്കതും കാണാമല്ലോ ഇപ്പോഴും.

മധു സാറുമായി സംസാരിക്കുമ്പോൾ മനസ്സ് മന്ത്രിക്കാറുണ്ട്: ഇതാ കാലുകൾ രണ്ടും ഭൂമിയിൽ ഉറപ്പിച്ചു നിർത്തുന്ന ഒരു സൂപ്പർ സ്റ്റാർ. ചെയ്തതെല്ലാം മഹത്തരങ്ങളാണെന്ന വീരവാദമില്ല. അമിതമായ ഭൂതകാലക്കുളിരില്ല. ആത്മരതിയില്ല. പുതിയ എന്തിനോടുമുള്ള പുച്ഛമില്ല. ലജൻഡുകൾ എന്ന് സ്വയം വിശ്വസിക്കുന്നവർ പലരും മാതൃകയാക്കേണ്ട വ്യക്തിത്വം.... മധുവിന് ഇന്ന് 90 വയസ് തികയുന്നു . എല്ലാ ആശംസകളും...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News