'ഒരു വാച്ച് എന്‍റെ സമയം നോക്കാന്‍, മറ്റൊന്ന് എതിരാളികളുടെ സമയം കുറിക്കാന്‍'; പോസ്റ്ററിലെ 'ബ്രില്യന്‍സ്' പങ്കുവെച്ച് റോബിന്‍ രാധാകൃഷ്ണന്‍
പോസ്റ്ററില്‍ നായകനായ റോബിന്‍ രണ്ട് വാച്ച് അണിഞ്ഞിട്ടുണ്ട്. ഇതിന് വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നാണ് പറയുന്നത്
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായ പുതിയ സിനിമയാണ് 'രാവണയുദ്ധം'. സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റര്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പോസ്റ്ററില്‍ നായകനായ റോബിന്‍ രണ്ട് വാച്ച് അണിഞ്ഞിട്ടുണ്ട്. ഇതിന് വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നത്.
പോസ്റ്ററിലെ രണ്ട് വാച്ചില്‍ ഒന്ന് നായകനായ തന്‍റെ സമയം നോക്കാനും, മറ്റൊന്ന് എതിരാളികളുടെ സമയം കുറിക്കാനുമാണെന്ന് റോബിന്‍ പറയുന്നു. രണ്ട് കാലഘട്ടം കാണിക്കുന്നതാണെന്നും രണ്ട് വ്യക്തിത്വം കാണിക്കുന്നതാണെന്നും പോസ്റ്റര്‍ കണ്ടിട്ട് പലരും ബ്രില്യന്‍സ് രൂപത്തില്‍ പറഞ്ഞിരുന്നതായും റോബിന്‍ പറഞ്ഞു.
റോബിന്‍റെ വാക്കുകള്‍:
'രണ്ട് കാലഘട്ടം കാണിക്കുന്നതാണെന്നും രണ്ട് വ്യക്തിത്വം കാണിക്കുന്നതാണെന്നും പോസ്റ്റര്‍ കണ്ടിട്ട് പലരും ബ്രില്യന്‍സ് രൂപത്തില്‍ പറയുന്നു. രണ്ട് വാച്ച് കെട്ടിയത് എന്തിനാണെന്ന് വെച്ചാല്‍, ഒന്ന് എന്‍റെ സമയം നോക്കാനും, മറ്റൊന്ന് എതിരാളികളുടെ സമയം കുറിക്കാനും. 'രാവണയുദ്ധം' എന്ന് പറയുമ്പോള്‍ ആ രീതിയില്‍ അല്ലേ വരിക. വളറെ ചെറിയ പടമായിരിക്കും. വലിയ പ്രതീക്ഷകളൊന്നും തന്നെ വേണ്ട.'
'രാവണയുദ്ധം' എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്. റോബിന്‍റേതായി പുറത്തുവരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മോഡലും നടിയും റോബിന്‍റെ ഭാര്യയുമായ ആരതി പൊടിയാകും പുതിയ സിനിമയിൽ നായികാ വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
നേരത്തെ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിൻ രാധകൃഷ്ണൻ പങ്കുവെച്ച പോസ്റ്റ് വലിയ ശ്രദ്ധനേടിയിരുന്നു. പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു.
മഹേഷിന്‍റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും റോബിന്‍ രാധാകൃഷ്ണന്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലൂടെയാണ് റോബിന്‍റെ മലയാള സിനിമയിലേക്കുള്ള പ്രവേശം. മോഹന്‍ലാലായിരുന്നു ഈ സിനിമയിലെ റോബിന്‍റെ സാന്നിധ്യം പരസ്യമാക്കിയിരുന്നത്.
വിവാഹം കഴിഞ്ഞാല്‍ സിനിമ ഒരുക്കുമെന്നും ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റോബിൻ മുമ്പ് പറഞ്ഞിരുന്നു. മുതലെടുക്കാന്‍ അല്ല മറിച്ച് നാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും റോബിന്‍ വ്യക്തമാക്കി. നിലവില്‍ തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിന്‍.