'പടയപ്പയിൽ നീലാംബരിയാകേണ്ടിയിരുന്നത് മറ്റൊരു നടി, ഡേറ്റിനായി മൂന്നു നാല് മാസം അവരുടെ പിന്നാലെ നടന്നിരുന്നു'; വെളിപ്പെടുത്തലുമായി രജനീകാന്ത്
അവർ സമ്മതിച്ചിരുന്നെങ്കിൽ, 2-3 വർഷം പോലും കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു
ചെന്നൈ: 1999ൽ തിയറ്ററുകളിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് രജനീകാന്തിന്‍റെ പടയപ്പ. ചിത്രം വീണ്ടും തിയറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിൽ നായകനൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമായിരുന്നു വില്ലത്തിയായി അഭിനയിച്ച രമ്യ കൃഷ്ണന്‍റേത്. നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു നീലാംബരി. എന്നാൽ നീലാംബരിയാകാൻ ആദ്യം തെരഞ്ഞെടുത്തത് രമ്യയെ ആയിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് രജനീകാന്ത്. ഡിസംബര്‍ 12-ന് ചിത്രം റീറിലീസ് ചെയ്യാനിരിക്കെ പുറത്തുവിട്ട 'ദി റിട്ടേണ്‍ ഓഫ് പടയപ്പ' എന്ന വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
നീലാംബരിയാകാൻ ഐശ്വര്യ റായിയായിരുന്നു ആദ്യ ചോയിസെന്ന് രജനി പറയുന്നു. "കഥയിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ എന്‍റെ മനസിൽ ആദ്യം വന്നത് ഐശ്വര്യ റായ് ആയിരുന്നു. നീലാംബയെ ഐശ്വര്യ റായ് ചെയ്യണമായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞങ്ങൾ അവരിലേക്ക് എത്താൻ ശ്രമിച്ചത്. മൂന്ന് നാല് മാസം അവരുടെ പിന്നാലെ ഞങ്ങൾ നടന്നു.
അവർ സമ്മതിച്ചിരുന്നെങ്കിൽ, 2-3 വർഷം പോലും കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു. കാരണം ആ കഥാപാത്രം അങ്ങനെയായിരുന്നു. ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാൻ ഐശ്വര്യയിൽ കണ്ടിരുന്നു. ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. അവർക്ക് കഥ ഇഷ്ടമായില്ലെന്ന് പിന്നീട് അറിഞ്ഞു.
അങ്ങനെയാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്. ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയൊക്കെ പരിഗണിച്ചതായിരുന്നു. പക്ഷേ, അവർക്കാർക്കും ഐശ്വര്യയെപ്പോലെ പവർഫുള്ളായി പെർഫോം ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി. അപ്പോൾ രവിയാണ് 'രമ്യ കൃഷ്ണൻ ചെയ്താൽ നന്നായിരിക്കും എന്ന് പറയുന്നത്. ആദ്യം എനിക്ക് രമ്യ കൃഷ്ണന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു.
എന്നാൽ ആ കഥാപാത്രത്തെപ്പോലെ ഡാൻസും ഡയലോഗ് ഡെലിവറിയുമൊക്കെ രമ്യയ്ക്ക് ചെയ്യാൻ സാധിക്കുമെന്ന് സംവിധായകൻ അറിയിച്ചു അങ്ങനെയാണ് നീലാംബരി രമ്യ കൃഷ്ണനിലേക്ക് എത്തിയത്." രജനീകാന്ത് പറയുന്നു.
പടയപ്പയുടെ രണ്ടാം ഭാഗത്തിന്‍റെ ചര്‍ച്ചകൾ നടക്കുന്നുണ്ടെന്നും രജനീകാന്ത് വെളിപ്പെടുത്തി. ''പടയപ്പയുടെ ക്ലൈമാക്സിൽ നീലാംബരി പറയുന്നുണ്ട്. അടുത്ത ജൻമത്തിലെങ്കിലും ഞാൻ പ്രതികാരം ചെയ്യുമെന്ന്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്‍റെ പേര് നീലാംബരി-പടയപ്പ 2 എന്നായിരിക്കും'' എന്നും രജനി കൂട്ടിച്ചേര്‍ത്തു.