"ഞങ്ങളുടെ വില്ലൻ കൂളാണ്"; വിജയ് സേതുപതിയെ പുകഴ്ത്തി ഷാരൂഖ് ഖാൻ

ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം നല്ല ടെൻഷൻ ഉണ്ടായിരുന്നെന്നും ഷാരൂഖ് ഖാൻ ആണ് തനിക്ക് ധൈര്യം തന്നതെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു.

Update: 2023-06-13 13:08 GMT
Editor : banuisahak | By : Web Desk

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിന് കാരണം ഷാരൂഖ് ഖാൻ മാത്രമല്ല. തമിഴും മലയാളവും കടന്ന് ബോളിവുഡിലെ വിജയ് സേതുപതിയെ കാണാനായും ആളുകൾ കാത്തിരിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ വില്ലനായാണ് സേതുപതി എത്തുന്നത് എന്നതും പ്രേക്ഷകർക്ക് ആവേശമാണ്. ഇപ്പോഴിതാ തങ്ങളുട വില്ലനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. 

ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഷാരൂഖ് ഖാൻ പ്രതികരിച്ചത്. "ഞങ്ങളുടെ ജവാൻ വില്ലനെ കുറിച്ച് പറയൂ എസ്ആർകെ" എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി "വിജയ് സേതുപതി അടിപൊളിയാണ്, ഏറെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ്. ജവാനിൽ അദ്ദേഹം വളരെ കൂളാണ്" എന്ന് ഷാരൂഖ് പറഞ്ഞു. ജവാൻ റെഡിയല്ലേ എന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിന് റിലീസിനായി എല്ലാം സെറ്റാണ് എന്നും ഷാരൂഖ് മറുപടി നൽകി. 

Advertising
Advertising

നേരത്തെ ജവാന്റെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് വിജയ് സേതുപതിയും രംഗത്തെത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം നല്ല ടെൻഷൻ ഉണ്ടായിരുന്നെന്നും ഷാരൂഖ് ഖാൻ ആണ് തനിക്ക് ധൈര്യം തന്നതെന്നും അദ്ദേഹം പറഞ്ഞു. സീനുകൾ ഒരുമിച്ച് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് ഷാരൂഖ് തനിക്കൊപ്പം നിന്നെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞിരുന്നു. 

'പഠാന്' ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ചിത്രമാണ് 'ജവാൻ'. സെപ്തംബർ 7നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അറ്റ്ലി  സംവിധാനം ചെയ്ത 'ജവാൻ' 2023 ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ റിലീസ് തീയതി മാറ്റിയതും പുതിയ തീയതിയെ കുറിച്ചുള്ള ഊഹാപോഹങ്ങളും ആരാധകരെ നിരാശരാക്കിയിരുന്നു. 

നയൻതാരയാണ് ജവാനിലെ നായിക.ഹിന്ദിക്ക് പുറമെ തെലുങ്ക്,തമിഴ്,മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷത്തിലാകും എത്തുകയെന്നാണ് റിപ്പോർട്ടുകൾ. 

വിജയ് സേതുപതിയുടെ ബോളിവുഡ് ചുവടുവെപ്പ് കൂടിയാണ് ചിത്രം. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ഫർസിയിലൂടെ വെബ് സീരീസ് രംഗത്തേക്കും സേതുപതി വരവറിയിച്ചിട്ടുണ്ട്. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന മെറി ക്രിസ്മസ് എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഹിന്ദി, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രം റിലീസാകും. കത്രീന കൈഫാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News