'സുജാത മോഹന് ലഭിക്കേണ്ട ദേശീയപുരസ്‌കാരമാണ് ശ്രേയ ഘോഷാലിന് കിട്ടിയത്'; വെളിപ്പെടുത്തലുമായി സിബി മലയില്‍

'സുജാതക്കാണ് പുരസ്‌കാരം എന്ന് അറിഞ്ഞപ്പോൾ 'ജബ് വി മെറ്റി'ലെ ശ്രേയ ഘോഷാൽ ആലപിച്ച ഗാനത്തിന്റെ വിഡിയോ കാസെറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച്, പുരസ്‌കാരം തിരുത്തി'

Update: 2024-01-05 12:35 GMT
Advertising

ഗായിക സുജാത മോഹന് ലഭിക്കേണ്ട ദേശീയപുരസ്‌കാരമാണ് ശ്രേയ ഘോഷാലിന് കിട്ടിയതെന്ന് സംവിധാകൻ സിബി മലയിൽ. 2007 -ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രത്തിൽ സുജാത ആലപിച്ച 'തട്ടം പിടിച്ചു വലിക്കല്ലേ' എന്ന പാട്ട് ദേശീയ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ അവസാന നിമിഷം ഫെസ്റ്റിവൽ ഡയറക്ടറുടെ ഇടപെടൽ കാരണം അത് ശ്രേയാ ഘോഷാലിലേക്കെത്തിയെന്നും സിബി മലയിൽ വ്യക്തമാക്കി. 'പി.ടി കലയും കാലവും' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സിബി മലയിലിന്റെ വെളിപ്പെടുത്തൽ.

' 55 മത് ദേശീയപുരസ്‌കാര നിർണ്ണയ ജൂറിയിൽ ഞാനും ഛായാഗ്രാഹകൻ സണ്ണി ജോസഫും ഉണ്ടായിരുന്നു. പരദേശി ചിത്രത്തിന് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം കിട്ടുമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും ഇതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതക്ക് മികച്ച ഗായികക്കുള്ള പുരസ്‌കാരം നൽകാൻ തീരുമാനിച്ചു.എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ഇതിൽ ഇടപ്പെട്ടു. സുജാതക്കാണ് പുരസ്‌കാരം എന്ന് അറിഞ്ഞപ്പോൾ ജബ് വി മെറ്റിലെ ശ്രേയ ഘോഷാൽ ആലപിച്ച ഗാനത്തിന്റെ വിഡിയോ കാസെറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച്, പുരസ്‌കാരം തിരുത്തി. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്'- സിബി മലയിൽ പറഞ്ഞു.

മൂന്ന് തവണ കേരള സർക്കാരിന്റെ മികച്ച ഗായികക്കുള്ള പുരസ്‌കാരവും തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായികക്കുള്ള പുര്‌സകാരവും നേടിയ ഗായികയാണ് സുജാത മോഹൻ. ശ്രേയ ഘോഷാലിന് അഞ്ച് തവണയാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News