മകളെ വരെ തെറിവിളിക്കുന്നു; സോഷ്യല്‍ മീഡിയയെ പേടിച്ച് ഞാന്‍ വാ തുറക്കാറില്ല: സുനില്‍ ഷെട്ടി

"എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞാനൊരു ഷെട്ടിയാണ്, എക്കാലവും മിണ്ടാതിരിക്കില്ല"

Update: 2023-04-23 05:22 GMT

മകള്‍ അതിയക്കൊപ്പം സുനില്‍ ഷെട്ടി

സമൂഹ മാധ്യമങ്ങളിലെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിച്ച് ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി. സമൂഹ മാധ്യമങ്ങള്‍ പലരുടെയും ജീവിതം തന്നെ നശിപ്പിക്കുകയാണെന്ന് സുനില്‍ ഷെട്ടി പറഞ്ഞു.

മകള്‍ അതിയ ഷെട്ടിക്കെതിരെ വളരെ മോശമായ രീതിയിലുള്ള ആക്രമണങ്ങളാണ് ഓണ്‍ലൈനില്‍ നടക്കുന്നതെന്നും നടന്‍ പറഞ്ഞു. രണ്‍വീര്‍ ഷോ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഇക്കാലത്ത് സ്വകാര്യത ഇല്ലാതാവുകയാണ്. നമ്മള്‍ പറഞ്ഞ ഒരു വാചകത്തെ 15 രീതിയില്‍ എഡിറ്റ് ചെയ്യും, എന്നിട്ട് അത് മറ്റൊരു 15 തരത്തില്‍ പ്രചരിപ്പിക്കും. ഇതൊക്കെ ചേര്‍ന്ന് ഞങ്ങളുടെ ജീവിതത്തെയാണ് ഇല്ലാതാക്കുന്നത്. സോഷ്യല്‍ മീഡിയയെ പേടിച്ച് ഞാന്‍ പലപ്പോഴും വാ തുറക്കാറില്ല.

Advertising
Advertising

എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്കെതിരെ കടുത്ത ആക്രമണമുണ്ടാകും. അതുകൊണ്ട് ഡിപ്ലോമാറ്റിക്കായി സംസാരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇനി ആരാണ് ഈ ഫേസ്ബുക്കിലും ട്വിറ്ററിലും അക്രമിക്കുന്നവരെന്ന് നോക്കൂ, എനിക്ക് ഒരു പരിചയവുമില്ലാത്ത കുറെ ആളുകള്‍.

അവര്‍ അവിടെയിരുന്ന് എന്നെയും എന്റെ മകളെയും അമ്മയെയും തെറി വിളിക്കുന്നു. എന്തിന്റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പോലും എനിക്ക് മനസിലാകുന്നില്ല. ഇതൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞാനൊരു ഷെട്ടിയാണ്. അതുകൊണ്ട് തന്നെ ഞാന്‍ എക്കാലവും മിണ്ടാതിരിക്കില്ല. തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍, 'ദേ അയാള്‍ അയാളുടെ പവര്‍ വെച്ച് ഇതൊക്കെ ചെയ്യുകയാണ്' എന്ന് അവര്‍ പറയുമായിരിക്കാം. പക്ഷെ ആ പറയുന്നവര്‍ എന്നെ എത്രത്തോളം ഉപദ്രവിച്ചെന്നും വേദനിപ്പിച്ചെന്നും ഒരിക്കലും മനസിലാക്കില്ല,' സുനില്‍ ഷെട്ടി പറഞ്ഞു.

വെബ് സീരിസായ ഹണ്ടറിലാണ് സുനില്‍ ഷെട്ടി അവസാനമായി അഭിനയിച്ചത്. ഹേരാ ഫേരിയുടെ മൂന്നാം ഭാഗത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ് ഇപ്പോള്‍. അക്ഷയ് കുമാര്‍, പരേഷ് റാവല്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Tags:    

Writer - അന്ന കീര്‍ത്തി ജോര്‍ജ്

contributor

Editor - അന്ന കീര്‍ത്തി ജോര്‍ജ്

contributor

By - Web Desk

contributor

Similar News