എമ്പുരാന് വിലക്കില്ല; പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി
'സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുത്ത് കഴിഞ്ഞാൽ അത് പ്രദർശനയോഗ്യമാണ്'
എറണാകുളം: എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുത്ത് കഴിഞ്ഞാൽ അത് പ്രദർശനയോഗ്യമാണ്. പിന്നെ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. എവിടെയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഹരജി പ്രശസ്തിക്കു വേണ്ടിയുള്ള നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ബിജെപി നേതാവ് വിജീഷാണ് ഹരജി നൽകിയത്.
അതേസമയം, എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയ വിജീഷിനെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽനിന്ന് BJP തൃശൂർ ജില്ല നേതൃത്വമാണ് സസ്പെൻഡ് ചെയ്തത്. സിനിമയിൽ മതവിദ്വേഷ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. സ്വന്തം ഇഷ്ടപ്രകാരമാണ് ഹരജി നൽകിയതെന്ന് വിജീഷ് നേരത്തെ പറഞ്ഞിരുന്നു.