'ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകും'; നിര്‍വാന് 11 കോടി നൽകിയ അജ്ഞാതന് നന്ദിയറിയിച്ച് ഷെയിന്‍ നിഗം

വിദേശത്ത് നിന്നാണ് നിർവാന് സഹായം എത്തിയത്. 17 കോടി രൂപയാണ് ചികിത്സക്കായി വേണ്ടത്

Update: 2023-02-22 03:14 GMT

എസ്.എം.എ രോഗബാധിച്ച നിർവാന്റെ ചികിത്സക്കായി 11 കോടി രൂപ നൽകിയ അജ്ഞാതന് നന്ദിയറിയിച്ച് നടൻ ഷെയിൻ നിഗം. ഫേസ്ബുക്കിലൂടെയാണ് താരം കുഞ്ഞിന്റെ ചികിത്സക്കായി പണം നൽകിയ അജ്ഞാതന് നന്ദിയറിയിച്ച് രംഗത്തെത്തിയത്. ''പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും നന്ദി ആ അജ്ഞാതനോടുണ്ട്... ലോകത്തിന്റെ ഏത് ഭാഗത്താണ് താങ്കൾ എങ്കിലും താങ്കൾക്കും താങ്കളുടെ മുഴുവൻ കുടുംബത്തിന് വേണ്ടി നിർവാണിന്റെ മാതാപിതാക്കൾക്കൊപ്പം ജനലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടാകും''. ഷെയിൻ കുറിച്ചു. വിദേശത്ത് നിന്നാണ് നിർവാന് സഹായം എത്തിയത്. 17 കോടി രൂപയാണ് ചികിത്സക്കായി വേണ്ടത്.

Advertising
Advertising


1.4 മില്യണ്‍ ഡോളറിന്റെ സഹായമാണ് നിർവാന് അജ്ഞാത കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. തന്നെ കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്തരുത് എന്ന നിർദേശത്തോടെയാണ് പണം നൽകിയിരിക്കുന്നത്. പ്രശ്‌സ്തിക്കപ്പുറം കുഞ്ഞ് നിർവാന്റെ ചികിത്സയാണ് വലുത് എന്ന് ഇദ്ദേഹം പറഞ്ഞിരുന്നുവെന്നും ക്രൗഡ് ഫണ്ടിങ്പ്ലാറ്റ് ഫോം അറിയിച്ചു.

നിർവാന്റെ മതാപിതാക്കൾക്കും ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. ഇതുവരെ 16 കോടി രൂപയാണ് നിർവാന്റെ ചികിത്സക്കായി സ്വരുപിക്കാനായത്. ചികിത്സക്കായി 17.5 കോടി രൂപ ചിലവ് വരും. സോൾജൻസ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിന്നാണ് മരുന്ന് എത്തിക്കുന്നത്.


അപൂര്‍വ രോഗം ബാധിച്ച കുട്ടിയുടെ ചികിത്സക്കായി  സമൂഹമാധ്യമങ്ങളൂടെ വലിയ കാംപെയിനാണ് നടന്നത്. ഇതിന്‍റെ ഭാഗമായി ഷെയിനും കുട്ടിയുടെ അസുഖത്തിന്‍റെ തീവ്രതയും ഉള്‍പ്പെടുത്തി അക്കൌണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 7800 ലധികം ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. ഇതിന്‍റെ തുടര്‍ച്ചയായാണ് ചികിത്സക്കായി വന്‍ തുക ലഭിച്ചപ്പോള്‍ നന്ദി പ്രകടനവുമായി താരം എത്തിയത്.




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News