വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹം ഫെബ്രുവരിയിൽ
ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വച്ചായിരിക്കും വിവാഹം
ഹൈദരാബാദ്: തെലുഗു സിനിമയിലെ പ്രമുഖ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ഉദയ്പൂരിൽ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വച്ചായിരിക്കും വിവാഹം.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് പേരുകേട്ട ഉദയ്പൂര്‍ നിരവധി സിനിമാതാരങ്ങളുടെയും മറ്റ് പ്രമുഖരുടെയും വിവാഹങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. വിജയിന്‍റെയും രശ്മികയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കൂവെന്നാണ് റിപ്പോര്‍ട്ട്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരമോ ഹൈദരാബാദിൽ ആഘോഷ പരിപാടിയോ നടത്തുന്നതിനെക്കുറിച്ചോ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബര്‍ 3ന് വിജയ്‌യുടെ ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു ദമ്പതികളുടെ വിവാഹനിശ്ചയം നടന്നത്. വളരെ സ്വകാര്യമായിട്ടായിരുന്നു നിശ്ചയ ചടങ്ങുകൾ. ചടങ്ങിന്‍റെ ഫോട്ടോകളൊന്നും പുറത്തുവിട്ടിരുന്നില്ല. ''വിവാഹത്തെക്കുറിച്ച് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് എപ്പോൾ സംസാരിക്കണമെന്ന് എനിക്കറിയാം'' എന്നായിരുന്നു വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികളെക്കുറിച്ച് രശ്മിക ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകൾ പരന്നിരുന്നു. എന്നാൽ ഇരുവരും ഗോസിപ്പുകളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഈയിടെ ഹൈദരാബാദിൽ നടന്ന തന്റെ പുതിയ ചിത്രമായ 'ദി ഗേൾഫ്രണ്ട്'ന്‍റെ വിജയാഘോഷ വേളയിൽ വച്ച് വിജയിനെക്കുറിച്ച് രശ്മിക പരസ്യമായി പറഞ്ഞു. "വിജു, നീ തുടക്കം മുതൽ ഈ സിനിമയുടെ ഭാഗമാണ്... സിനിമയുടെ വിജയത്തിലും ഭാഗമാണ്... ഈ യാത്രയിൽ നീ വ്യക്തിപരമായി ഒരു ഭാഗമാണ്. എല്ലാവരുടെയും ജീവിതത്തിൽ ഒരു വിജയ് ദേവരകൊണ്ട ഉണ്ടാകണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതൊരു അനുഗ്രഹമാണ്." എന്നാണ് രശ്മിക പറഞ്ഞത്.