'അനുഷ്കയോട് വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ല'; വെളിപ്പെടുത്തി കോഹ്‌ലി

താര ദമ്പതികളുടെ നാലാം വിവാഹ വാർഷികമാണ് ഇന്ന്

Update: 2021-12-11 10:40 GMT
Editor : abs | By : Web Desk
Advertising

2017 ഡിസംബർ 11ന് ഇറ്റലിയിൽ വച്ചായിരുന്നു വിരാട് കോഹ്‌ലിയും നടി അനുഷ്‌ക ശർമ്മയും തമ്മിലുള്ള വിവാഹം. ആ വർഷം ഇന്ത്യയിലെ വാർത്താ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിവാഹവും അതായിരുന്നു. സമ്പൂർണ രഹസ്യ സ്വഭാവത്തോടെയായിരുന്നു വിവാഹത്തിനായുള്ള ഒരുക്കങ്ങൾ. വിവാഹത്തെ കുറിച്ച് തനിക്കു തന്നെ വലിയ നിശ്ചയമുണ്ടായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് കോലി. അനുഷ്‌കയോട് വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 


ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ സുനിൽ ഛേത്രിയുമായുള്ള സംഭാഷണത്തിലാണ് കോലി വിവാഹത്തെ കുറിച്ച് മനസ്സു തുറന്നത്. 'പ്രണയത്തിൽ നിങ്ങൾക്ക് എല്ലാ ദിവസവും വാലന്റൈൻ ദിനം പോലെ സവിശേഷമാണ്. വിവാഹം ചെയ്യാൻ പോകുന്നവരാണ് ഞങ്ങളെന്ന് പരസ്പരം അറിയാമായിരുന്നു. അതിൽ സംശയമുണ്ടായിരുന്നില്ല. മുമ്പോട്ടു പോകുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ വേളയിൽ, ഞങ്ങൾ സന്തോഷവാന്മാരായിരുന്നു. ഒന്നിച്ചു ജീവിതം ആരംഭിക്കുന്നതിന്റെ ത്രില്ലിലും. എല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്.' - കോഹ്‌ലി പറഞ്ഞു. 


മൂന്നു ദിവസം മാത്രമാണ് വിവാഹത്തിലെ പദ്ധതികളെ കുറിച്ച് താൻ അറിയുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. 'വിവാഹ ഒരുക്കങ്ങൾക്കായി ഞങ്ങൾ വ്യത്യസ്ത പേരും ഇ-മെയിൽ ഐഡിയുമാണ് ഉപയോഗിച്ചിരുന്നത്. അതെന്റെ ആശയമായിരുന്നില്ല. എന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ എല്ലാം എല്ലാവരും അറിയുമായിരുന്നു. ഭക്ഷണം, ഡക്കറേഷൻ അങ്ങനെയെല്ലാം. എന്നാൽ ആ നേരത്ത് ഞാനൊരു ടെസ്റ്റ് മത്സരം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കൊണ്ട് അവരത് രഹസ്യമാക്കി സൂക്ഷിച്ചു' - കോഹ്‌ലി ഛേത്രിയോട് പറഞ്ഞു. 


താര ദമ്പതികളുടെ നാലാം വിവാഹ വാർഷികമാണ് ഇന്ന്. ഇരുവർക്കും വാമിക എന്നൊരു മകളുണ്ട്. 2021 ജനുവരി 11നായിരുന്നു മകളുടെ ജനനം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News