'ഹിന്ദു, മുസ്‌ലിം, രജിസ്റ്റർ... ഒരു ദിവസം തന്നെ മൂന്ന് വിവാഹ ചടങ്ങ്'; ഷാരൂഖ് ഖാൻ-ഗൗരി ഖാൻ വിവാഹദിനമോർത്ത് വിവേക് വസ്വാനി

ആര്യൻ ഖാനും സുഹാന ഖാനുമടക്കം മൂന്ന് മക്കളാണ് ഷാരൂഖ് -ഗൗരി ദമ്പതിമാർക്കുള്ളത്

Update: 2024-02-21 18:15 GMT

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെയും പങ്കാളി ഗൗരി ഖാന്റെയും വിവാഹദിനമോർത്ത് സുഹൃത്തും എഴുത്തുകാരനും നടനുമായ വിവേക് വസ്വാനി. ഷാരൂഖ് പുതുമുഖമായിരുന്നപ്പോൾ പിന്തുണ നൽകിയ നിർമാതാവ് കൂടിയായ വിവേക് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. 1991-ൽ ഗൗരി ഖാനെ പ്രണയിച്ച് ഷാരൂഖ് വിവാഹം കഴിച്ചപ്പോൾ ചടങ്ങിൽ അതിഥിയായി അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, ഷാരൂഖിന്റെ വിവാഹത്തിൽ പങ്കെടുത്ത കാര്യം ഓർമിക്കുകയും അക്കാലത്തെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ് വിവേക്. ഹിന്ദു, മുസ്‌ലിം, രജിസ്റ്റർ വിവാഹം എന്നിങ്ങനെ ഒരു ദിവസം തന്നെ മൂന്ന് വിവാഹ ചടങ്ങാണ് ഷാരൂഖ് -ഗൗരി വിവാഹ ദിനത്തിൽ നടന്നതെന്ന് അദ്ദേഹം ഓർത്തു. സിദ്ധാർത്ഥ് കണ്ണനെന്ന യൂട്യൂബ് ചാനലിലാണ് ഓർമകൾ പങ്കുവെച്ചത്.

Advertising
Advertising

ഷാരൂഖിന്റെ വിവാഹസമയത്ത് താരം തന്റെ മാതാപിതാക്കളുടെ വീട്ടിൽ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് വിവേക് പറഞ്ഞു. അതിനാൽ വിവാഹ സമ്മാനമായി, നവദമ്പതികൾക്ക് മുംബൈയിലെ ഒരു ഹോട്ടലിൽ അഞ്ച് ദിവസത്തെ താമസം സമ്മാനിച്ചു, അതിനുശേഷം അവർ സിനിമാ നിർമാതാവ് അസീസ് മിർസയുടെ ഉടമസ്ഥതയിലുള്ള ഒരു അപ്പാർട്ട്‌മെന്റിലേക്ക് മാറിയെന്നും വിവേക് ഓർമിച്ചു.

'കല്യാണം കഴിഞ്ഞ് ഞങ്ങൾ ഗൗരിയെ ഡാർജിലിംഗിലേക്ക് കൊണ്ടുപോയി, രാജു ബൻ ഗയാ ജെന്റിൽമാന്റെ ടൈറ്റിൽ സോംഗ് ഷൂട്ട് ചെയ്യാനുള്ളതായിരുന്നു കാരണം. അവർ ബോംബെയിൽ തിരിച്ചെത്തിയപ്പോൾ, തീർച്ചയായും, അവർക്ക് എന്റെ വീട്ടിൽ താമസിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ഒരു സമ്മാനമായി, അവർക്ക് അഞ്ച് ദിവസം 'സൺ എൻ സാൻഡി'ൽ താമസംനൽകി, തുടർന്ന് അവർ അസീസിന്റെ വീട്ടിലേക്ക് മാറി' അദ്ദേഹം ഓർത്തു. ഹോട്ടലിൽ താമസം സമ്മാനിക്കാൻ തനിക്ക് അച്ഛനിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നുവെന്നും വിവേക് പറഞ്ഞു.

വിവാഹ ഓർമകളെ കുറിച്ച് ചോദിച്ചപ്പോൾ, 'അതൊരു ഗംഭീര വിവാഹമായിരുന്നു, എല്ലാം വളരെ മനോഹരമായിരുന്നു' വിവേക് പറഞ്ഞു. അസീസ് മിർസയും ചടങ്ങിൽ പങ്കെടുത്തായും ഓർത്തു. ഷാരൂഖിന്റെ ബാല്യകാല സുഹൃത്തുക്കളും ഗൗരിയുടെ സഹോദരനും വളരെ സന്തോഷത്തിലായിരുന്നുവെന്നും കല്യാണം ആസ്വദിച്ചുവെന്നും വിവേക് പറഞ്ഞു.

ഹിന്ദു, മുസ്‌ലിം ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായതെന്നും ഒപ്പം രജിസ്റ്റർ വിവാഹവും നടത്തിയെന്നും മൂന്ന് വിവാഹങ്ങളും ഒരു ദിവസം കൊണ്ടാണ് നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗൗരിയെക്കുറിച്ച് സംസാരിച്ച വിവേക്, അവർ ഒരിക്കലും അധികം ഇടപഴകിയിട്ടില്ലെന്നും എന്നാൽ അവർ എപ്പോഴും ഊഷ്മളവും സൗഹാർദ്ദപരവുമായ വ്യക്തിയായിട്ടാണ് താൻ കണ്ടതെന്നും പറഞ്ഞു. കരിയറിന്റെ ആദ്യ നാളുകളിൽ സഹായിച്ചിട്ടുണ്ടെങ്കിലും ഷാരൂഖിന്റെ വിജയത്തിന് കാരണം താനല്ലെന്നും ലക്ഷ്യത്തിലെത്താൻ അദ്ദേഹത്തെ സഹായിച്ചയാൾ മാത്രമാണെന്നും വിവേക് പറഞ്ഞു. ആര്യൻ ഖാനും സുഹാന ഖാനുമടക്കം മൂന്ന് മക്കളാണ് ഷാരൂഖ് -ഗൗരി ദമ്പതിമാർക്കുള്ളത്.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News