മുംബൈ: എയര്‍ഹോസ്റ്റസായി കരിയര്‍ തുടങ്ങി പിന്നീട് അഭിനയത്തിലേക്ക് ചുവട് മാറ്റുകയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്ത നടിയാണ് ദീപിക കാക്കര്‍. സസുരൽ സിമർ കാ, കഹാൻ ഹം കഹാൻ തും എന്നീ ടെലിവിഷൻ സീരിയലുകളിലെ നടിയുടെ കഥാപാത്രങ്ങൾ പോപ്പുലറാണ്. സ്വപ്നതുല്യമായ ജോലി ഉപേക്ഷിച്ചാണ് അവര്‍ മിനിസ്ക്രീനിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയത്. ടൈംസ് ഓഫ് ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മുംബൈയിലെ തന്‍റെ കഷ്ടപ്പാടു നിറഞ്ഞ ദിവസങ്ങളെക്കുറിച്ച് ദീപിക ഓർമിച്ചു.
'' എയര്‍ഹോസ്റ്റസായി ജോലി തേടി മുംബൈയിൽ എത്തിയ കാലം എനിക്കിപ്പോഴും ഓര്‍മയുണ്ട്യ കുടുസ് മുറിയിൽ അഞ്ചോ ആറോ പെൺകുട്ടികൾക്കൊപ്പം പേയിംഗ് ഗസ്റ്റായിട്ടായിരുന്നു തുടക്കകാലത്ത് താമസിച്ചിരുന്നത്. കയ്യിൽ ചെറിയൊരു സ്യൂട്ട്കേസും എയര്‍ബാഗും മാത്രം'' ജനൽവിരികളോ, ബെഡ്ഷീറ്റോ, എന്തിന് ഒരു നല്ല മെത്ത പോലുമോ ഇല്ലാത്ത ഒരു വാടക ഫ്ലാറ്റിലായിരുന്നു പിന്നീട് താൻ ജീവിച്ചിരുന്നതെന്നും ദീപിക വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി കാരണം ഓഡിഷനുകളിൽ പങ്കെടുക്കാൻ കിലോമീറ്ററുകളോളം നടന്നു പോയതിനെക്കുറിച്ചും അവർ തുറന്നു പറഞ്ഞു.
''അക്കാലത്ത് ഭൂരിഭാഗം ആളുകൾക്കും പ്രതിമാസം 12,000 മുതൽ 15,000 രൂപ വരെ മാത്രമാണ് വരുമാനം ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ വാടക, ഭക്ഷണം, യാത്ര, ട്രെയിനിംഗ്, മേക്കപ്പ്, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവയെല്ലാം ഈ തുകയിൽ ഒതുക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഒന്നുകിൽ ജോലി അല്ലെങ്കിൽ ട്രെയിനിംഗ് ഉള്ളതുകൊണ്ട് തന്നെ, ഒരു ദിവസം രണ്ടുനേരം ഭക്ഷണം പാകം ചെയ്യാനുള്ള സമയം പോലും അന്ന് കിട്ടിയിരുന്നില്ല.
ഓട്ടോയിലൊക്കെ പോകുമ്പോൾ മീറ്ററിലേക്ക് ഞാൻ അതീവ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്ന ദിവസങ്ങളും എനിക്കോർമ്മയുണ്ട്. മീറ്ററിലെ തുക എനിക്ക് താങ്ങാൻ കഴിയുന്ന പരിധിയിൽ എത്തുന്ന നിമിഷം, ഞാൻ ഡ്രൈവറോട് വണ്ടി നിർത്താൻ പറയും. അവിടെയിറങ്ങി ബാക്കി ദൂരം മുഴുവൻ നടന്നു തീർക്കും.
ഞാൻ പിജി താമസം ഒഴിഞ്ഞ സമയവും എനിക്ക് ഓർമ്മയുണ്ട്. ചില കുടുംബപരമായ പ്രശ്നങ്ങൾ കാരണം എന്‍റെ അമ്മ മുംബൈയിലേക്ക് മാറുകയും എന്നോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. യഥാർത്ഥത്തിൽ, കുറച്ചുകാലം അമ്മ എന്നോടൊപ്പം ആ പിജിയിൽ തന്നെയാണ് താമസിച്ചത്, അത് അമ്മയ്ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട്, സിയോണിലെ മ്ഹാഡ കോളനിയിൽ പ്രതിമാസം 6,500 രൂപ വാടകയ്ക്ക് ഞങ്ങൾ ഒരു ചെറിയ 1BHK ഫ്ലാറ്റ് എടുത്തു. ഒരു കിടക്ക പോലും വാങ്ങാനുള്ള പണം അന്നുണ്ടായിരുന്നില്ല. പിന്നീട് എങ്ങനെയോ 300-400 രൂപക്ക് ഒരു മെത്ത വാങ്ങി. കര്‍ട്ടനുകൾ വാങ്ങാൻ പണമില്ലാത്തതിനാൽ ജനാലകളിൽ ദുപ്പട്ടകൾ തൂക്കി. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചെയ്യുന്നതുപോലെ തലയും കാലും എതിർ ദിശകളിലേക്ക് വച്ചുകൊണ്ട് ഞാനും അമ്മയും ഒരേ മെത്തയിൽ ഉറങ്ങി.
വീട്ടിലേക്ക് ഞാൻ ആദ്യം വാങ്ങിയത് ചുവന്ന സിലിണ്ടറുള്ള ഒരു ചെറിയ ഗ്യാസ് സ്റ്റൗവാണ്. ആ സിലിണ്ടർ ഏകദേശം 10 ദിവസം മാത്രമേ നിലനിൽക്കൂ. അന്ന്, ദാദറിൽ അത് വീണ്ടും നിറയ്ക്കാൻ കഴിയുന്ന ഒരു സ്ഥലം മാത്രമേ എനിക്കറിയാമായിരുന്നുള്ളു. മുംബൈ ബസുകളിൽ യാത്ര ചെയ്യാൻ എനിക്ക് പേടിയായിരുന്നതിനാലും നഗരത്തിൽ ഇപ്പോഴും പുതിയ ആളായിരുന്നതിനാലും, അത് വീണ്ടും നിറയ്ക്കാൻ ഞാൻ ദാദറിലേക്ക് നടക്കുമായിരുന്നു.ആ ഭാരമുള്ള സിലിണ്ടർ കാൽനടയായി വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. ആ ദിവസങ്ങൾ ദുഷ്‌കരമായിരുന്നു, പക്ഷേ അവ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. താമസിയാതെ, ഞാൻ എന്‍റെ ജീവിതം കെട്ടിപ്പടുക്കാനും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും തുടങ്ങി.
ഞങ്ങളുടെ വിവാഹ സമയത്ത്, വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ടിവി ഷോകളിൽ അഭിനയിക്കാൻ തുടങ്ങി ഒരു കരിയർ കെട്ടിപ്പടുത്തതിനുശേഷവും ഷോയിബും ഞാനും വളരെ ദുഷ്‌കരമായ ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ജീവിതത്തിൽ എപ്പോഴും ഉയർച്ച താഴ്ചകളുണ്ട്, കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. പതുക്കെ, ശരിയായ നിക്ഷേപങ്ങൾ നടത്താനും ആസ്തികൾ കെട്ടിപ്പടുക്കാനും ഞങ്ങൾ പഠിച്ചു, സാമ്പത്തികമായി കൂടുതൽ ശക്തരായി. ആ ദുഷ്‌കരമായ ഘട്ടത്തിൽ, ഞങ്ങളുടെ തലയ്ക്കു മുകളിൽ ഒരു മേൽക്കൂര ലഭിച്ചതായിരുന്നു ഏറ്റവും വലിയ കാര്യം.
എന്റെ അച്ഛനെ എപ്പോഴും യൂണിഫോമിൽ കാണുന്നത് എന്നെ ഒരുപാട് ആകർഷിച്ചിരുന്നു. അച്ഛന് സ്ഥലംമാറ്റം കിട്ടിയപ്പോൾ ഞങ്ങൾ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്തത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. അന്നത്തെ ക്യാബിൻ ക്രൂവിനെ കണ്ടതാണ് എനിക്ക് പ്രചോദനമായത്, അപ്പോഴാണ് ഒരു എയർ ഹോസ്റ്റസ് ആകണമെന്ന് ഞാൻ സ്വപ്നം കണ്ടത്. ഞാൻ ആ സ്വപ്നം നേടിയെടുക്കുകയും മൂന്ന് വർഷത്തോളം എയർ ഹോസ്റ്റസായി ജോലി ചെയ്യുകയും ചെയ്തു. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ കാരണം എനിക്ക് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു. അപ്പോഴേക്കും ഞാൻ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു, തിരികെ പോകാൻ എനിക്ക് ഒട്ടും താല്പര്യവുമില്ലായിരുന്നു.
എന്റെ സഹപാഠികളിൽ ഒരാളായിരുന്നു സൊണാലി കുൽക്കർണി.അവൾ മുംബൈയിൽ വരുമ്പോഴൊക്കെ സിനിമയിലേക്ക് വരാൻ എന്നെ പ്രേരിപ്പിക്കുമായിരുന്നു. എന്നാൽ ചില രംഗങ്ങൾ ചെയ്യേണ്ടി വരുമെന്നോര്‍ത്ത് അത് നിരസിച്ചു. അത്തരം വേഷങ്ങൾ ചെയ്യാൻ താല്പര്യപ്പെടുന്നവരെ ഞാൻ ബഹുമാനിക്കുന്നുണ്ടെങ്കിലും, എനിക്ക് എന്റേതായ ചില അതിർവരമ്പുകൾ ഉണ്ടായിരുന്നു.
തുടർന്ന് ടെലിവിഷൻ രംഗത്ത് ഒരു കൈ നോക്കാൻ അവൾ എന്നോട് നിർദേശിച്ചു. ആദ്യം ഞാൻ ആ ഉപദേശം ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ, കടുത്ത നടുവേദന കാരണം ഇനി വിമാനത്തിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. രണ്ട് മാസത്തോളം ഞാൻ പൂർണമായും ബെഡ് റെസ്റ്റിലായിരുന്നു.എന്റെ നടുവിന്റെ അവസ്ഥ അത്രയ്ക്ക് മോശമായിരുന്നു.
സൊണാലി പിന്നീട് എനിക്കായി ഒരു ഫോട്ടോഗ്രാഫറെ ഏർപ്പാടാക്കിത്തന്നു, അങ്ങനെ ഞാൻ എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് നടത്തി. ഇൻഡസ്ട്രിയിലെ ചില കോൺടാക്റ്റുകളും അവൾ എനിക്ക് സംഘടിപ്പിച്ചു തന്നു, അതിനുശേഷമാണ് ഞാൻ ഓഡിഷനുകൾക്ക് പോകാൻ തുടങ്ങിയത്. സിനിമാ-സീരിയൽ ലോകവും മുംബൈ നഗരവും ഇരു കൈകളും നീട്ടിയാണ് എന്നെ സ്വീകരിച്ചത്. എന്റെ പോർട്ട്‌ഫോളിയോ ചെയ്ത് എട്ട് മാസത്തിനുള്ളിൽ തന്നെ എനിക്ക് ആദ്യത്തെ അവസരം ലഭിച്ചു എന്നത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.
തുടക്കത്തിൽ എന്റെ അഭിനയം അത്ര നല്ലതല്ലാതിരുന്നതുകൊണ്ട് ചില നിരസിക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് പതുക്കെ ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും, 'ദേവി' എന്ന പരമ്പരയിലൂടെ കരിയറിൽ ബ്രേക്കുണ്ടാക്കുകയും ചെയ്തു. പിന്നീട് 'അഗ്ലെ ജനം' എന്ന സീരിയലിൽ ഒരു ക്യാരക്ടർ ആർട്ടിസ്റ്റായി അഭിനയിച്ചു, അതിനുശേഷമാണ് എനിക്ക് 'സിമർ' എന്ന കേന്ദ്രകഥാപാത്രത്തെ ലഭിക്കുന്നത്. അതിനുശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല'' ദീപിക പറഞ്ഞു.