"സിനിമയിലെ ബലാത്സംഗം യഥാർത്ഥമാണെന്നാണോ കരുതുന്നത്, മാപ്പ് പറയില്ല": തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ച് മൻസൂർ അലി

വധൂ വരന്മാരെ പോലെ അടുത്തടുത്താണ് മാധ്യമങ്ങൾ തന്റെയും തൃഷയുടെയും ഫോട്ടോ കൊടുത്ത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജനങ്ങൾ തനിക്കൊപ്പമുണ്ടെന്നും മൻസൂർ പറഞ്ഞു.

Update: 2023-11-21 09:48 GMT
Editor : banuisahak | By : Web Desk
Advertising

നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. തമിഴ് താര സംഘടനയായ നടികർ സംഘം താത്കാലിക വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചായിരുന്നു മൻസൂർ അലിയുടെ പ്രതികരണം. 

ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. 

പരാമർശത്തിൽ മൻസൂർ അപലപിക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിരുപാധികം മാപ്പ് പറയണമെന്നും നടികർ സംഘം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടന്റെ അം​ഗത്വം താൽകാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞെങ്കിൽ മാത്രമേ വിലക്ക് പിൻവലിക്കുവെന്നും സംഘം വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മൻസൂർ പഠിക്കേണ്ടതുണ്ടെന്നും നടികർ സംഘം താക്കീത് നൽകി. 

എന്നാൽ, നടികർ സംഘത്തിന്റെ നടപടി തെറ്റാണെന്നാണ് മൻസൂർ അലി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇത്തരമൊരു പ്രശ്നം ഉണ്ടായപ്പോൾ അവർ തന്നോട് വിശദീകരണം പോലും ചോദിച്ചില്ല, തന്നെ വിളിക്കുകയോ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയോ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ഒരു അന്വേഷണവും നടത്താതെയാണ് നടപടിയെടുത്തതെന്നും മൻസൂർ പറഞ്ഞു. നാല് മണിക്കൂറിനുള്ളിൽ തനിക്കെതിരായ പ്രസ്താവനകൾ പിൻവലിക്കണമെന്ന് നടികർ സംഘത്തോട് മൻസൂർ ആവശ്യപ്പെടുകയും ചെയ്തു. 

"മാപ്പ് പറയണമെന്നാണ് അവർ പറയുന്നത്, എന്നെ കണ്ടാൽ മാപ്പ് പറയുമെന്ന് തോന്നുന്നുണ്ടോ? മാധ്യമങ്ങൾക്ക് എനിക്കെതിരെ എന്ത് വേണമെങ്കിലും എഴുതാം. ഞാൻ ആരാണെന്ന് ജനങ്ങൾക്ക് അറിയാം. തമിഴ് ജനതയുടെ പിന്തുണ എനിക്കുണ്ട്": മൻസൂർ മാധ്യമങ്ങളോട് പറഞ്ഞു. 

തൃഷയുടെ പ്രസ്താവന പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ ഞങ്ങളുടെ ഫോട്ടോകൾ ഒരുമിച്ചാണ് കൊടുത്തത്. വധൂ വരന്മാരുടെ ചിത്രങ്ങൾ പോലെ തോന്നുംവിധമാണ് കൊടുത്തിരിക്കുന്നത്.മാധ്യമങ്ങൾക്ക് എന്റെ നല്ല ഫോട്ടോ കൊടുക്കാമായിരുന്നു. ചില ഫോട്ടോയിൽ എന്നെ കാണാൻ കൊള്ളാമെന്നും മൻസൂർ പരിഹസിച്ചു. 

"സിനിമയിലെ ഒരു ബലാത്സംഗ രംഗം എന്താണ് അർത്ഥമാക്കുന്നത്? അതിനർത്ഥം ഒരാളെ യഥാർത്ഥമായി ബലാത്സംഗം ചെയ്യുക എന്നാണോ? സിനിമയിലെ കൊലപാതകം എന്നാൽ അതിനർത്ഥം അവർ ആരെയെങ്കിലും യഥാർത്ഥമായി കൊലപ്പെടുത്തുകയാണ് എന്നാണോ? ഞാൻ തെറ്റൊന്നും പറഞ്ഞിട്ടില്ല. ഞാൻ മാപ്പ് പറയില്ല: പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് മൻസൂർ പറഞ്ഞു. 

മൻസൂറിന്റെ പരാമർശത്തിനെതിരെ തൃഷ പ്രതികരണവുമായി നേരിട്ട് രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും തൃഷ എക്‌സിൽ കുറിച്ചു. ഗായിക ചിൻമയി ശ്രീപദ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് എന്നിവരടക്കമുള്ളവര്‍ മൻസൂറിനെതിരെ രംഗത്തു വന്നിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News