'വീഡിയോ കോൾ ചെയ്തിട്ട് ചാണ്ടി ഉമ്മാ ഞാൻ ചെകുത്താന്റെ വീട്ടിൽ കയറിയെന്ന് ബാല പറഞ്ഞു, മോഹൻലാലിനെ വിളിച്ചോന്ന് അറിയില്ല'
'ചാണ്ടി ഉമ്മനും മോഹന്‍ലാലുമൊക്കെ പ്രതികരിക്കണം'
കൊച്ചി: നടന്‍ ബാലയെ കുറിച്ചുള്ള വീഡിയോ 10 മണിക്കുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് പറഞ്ഞെന്ന് യു ട്യൂബര്‍ ചെകുത്താന്‍. ബാലയുടെ കൂടെ ഗുണ്ടയുണ്ടായിരുന്നു. പേനാക്കത്തി കൊണ്ട് കുത്തി ബാലയെ കുറിച്ചുള്ള വീഡിയോ ഡിലീറ്റ് ചെയ്യിക്കുമെന്ന് ഗുണ്ട പറഞ്ഞെന്നും ചെകുത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
"ഒരു വീഡിയോ കോള്‍ ചെയ്തിട്ട് പറഞ്ഞു ചാണ്ടി ഉമ്മാ ഞാനിവന്‍റെ വീട്ടില്‍ കയറി. ചാണ്ടി ഉമ്മനിതൊക്കെ കാണണം. മോഹന്‍ലാലിനെ വിളിച്ചോ എന്ന് എനിക്ക് അറിയില്ല. ചാണ്ടി ഉമ്മനെ വിളിച്ചെന്നാണ് ബാല പറഞ്ഞത്. ചാണ്ടി ഉമ്മനെ എന്തിനാണ് ബാല വിളിക്കുന്നത്? വിനായകന്‍റെ പ്രശ്നമുണ്ടായപ്പോള്‍ ഞാന്‍ വിനായകനെ പിന്തുണച്ചാണ് പോസ്റ്റിട്ടത്. അതുകൊണ്ട് ചെകുത്താന്‍റെ വീട്ടില്‍ കയറി ഇങ്ങനെയൊക്കെ ചെയ്തെന്ന പ്രീതി സമ്പാദിക്കാനാണോ എന്ന് അറിയില്ല. ചാണ്ടി ഉമ്മനും മോഹന്‍ലാലുമൊക്കെ പ്രതികരിക്കണം. മോഹന്‍ലാലിനോട് പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞാണ് ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിച്ചത്. മോഹന്‍ലാല്‍ ബാലയ്ക്ക് വല്ല ക്വട്ടേഷനും കൊടുത്തിട്ടുണ്ടോ? ചാണ്ടി ഉമ്മന് എന്താണ് ബന്ധം? വെറുതെ എന്തിനാ ചാണ്ടി ഉമ്മന്‍റെ പേര് എടുത്തിടുന്നെ? ഇയാള്‍ നാളെ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഇതുപോലൊക്കെ ചെയ്താല്‍?" - ചെകുത്താന്‍ ചോദിച്ചു.
ബാല തോക്കുമായി വന്നെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തോക്ക് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറഞ്ഞത്. തോക്ക് ആവിയായിപ്പോയെന്നോ മറ്റോ ആണ് അവര്‍ കണ്ടെത്തിയത്. വധഭീഷണിയുണ്ടെന്നും തോക്കുമായിട്ട് ഒരാള്‍ കൊല്ലാന്‍ ഈ ടൌണില്‍ കറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് പെട്ടെന്ന് നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ ബുദ്ധിമുട്ടുണ്ട്. തനിക്ക് നീതി കിട്ടിയില്ലെന്ന് ചെകുത്താന്‍ പറഞ്ഞു. എം.ഡി.എം.എ, കഞ്ചാവ് എന്നെല്ലാം തന്നെ കുറിച്ച് ബാല കള്ളം പ്രചരിപ്പിക്കുകയാണെന്നും ചെകുത്താന്‍ പറഞ്ഞു.
ചെകുത്താനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. തൃക്കാക്കര പൊലീസാണ് കേസ് എടുത്തത്. ഇടപ്പള്ളിയിലുള്ള ഫ്ലാറ്റിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതേസമയം ബാല ആരോപണം നിഷേധിച്ചു.
ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി എന്നയാൾ ബാലയുടെ അടുത്തെത്തി മാപ്പു പറയുന്ന വീഡിയോ ബാല തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയെ ട്രോളി താൻ ചെയ്ത വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാല പലവട്ടം സമീപിച്ചിരുന്നുവെന്നാണ് ചെകുത്താന്‍ പറയുന്നത്. ഇതിന് ശേഷമാണ് ഇതേ ആവശ്യം പറഞ്ഞ് ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതെന്നും ചെകുത്താന്‍ പറയുന്നു. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.