“ആ മന്ത്രച്ചരട് നിങ്ങളെന്ത് ചെയ്തു?” ഇതാ ഇങ്ങോട്ട് നോക്കൂവെന്ന് പുഞ്ചിരിയോടെ മെസ്സി 

ആരാധകരുടെ സ്നേഹത്തിന് അവരുടെ മിശിഹ ഇതിലും മധുരതരമായി എങ്ങനെ മറുപടി നല്‍കാനാണ്..

Update: 2018-06-28 07:52 GMT

ലോകത്തെല്ലായിടത്തുമുള്ള ആരാധകരുടെ പിന്തുണയെ ഹൃദയം കൊണ്ട് സ്വീകരിക്കുകയാണ് ലയണല്‍ മെസ്സി. ആരാധകരുടെ അകമഴിഞ്ഞുള്ള പിന്തുണക്ക് നന്ദി പറഞ്ഞാണ് പ്രീ ക്വാര്‍ട്ടറിലെത്തിയ സന്തോഷം മെസ്സി പ്രകടിപ്പിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട സമ്മാനങ്ങളെ ഇതാ അത്ര കരുതലോടെ സൂക്ഷിക്കുകയാണ് ഫുട്ബോളിന്‍റെ മിശിഹ.

അര്‍ജന്‍റീന ഐസ്‍ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16. മെസ്സിയുടെ അരികിലേക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്‍ വരുന്നു. ഒരു ചുവന്ന റിബ്ബണ്‍ സമ്മാനിക്കുന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: "ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്. അവര്‍ക്ക് എന്നേക്കാള്‍ ഇഷ്ടം ഈ ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്".

Advertising
Advertising

Full View

അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ ജൂണ്‍ 26. മെസ്സിയുടെ അരികിലേക്ക് ആ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും വരുന്നു: "നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകുമോ എന്ന് അറിയില്ല, എന്‍റെ അമ്മ നിങ്ങള്‍ക്കൊരു മന്ത്രച്ചരട് സമ്മാനിച്ചിരുന്നു. നിങ്ങളത് വലിച്ചെറിഞ്ഞിട്ടുണ്ടാകുമോ എന്നും എനിക്കറിയില്ല".

ഫുട്ബോളിന്റെ മിശിഹ പുഞ്ചിരിച്ചുകൊണ്ട് ഇതാ ഇങ്ങോട്ടു നോക്കൂവെന്ന് കാലുയര്‍ത്തി കാണിക്കുന്നു. സോക്സിനുള്ളില്‍ സൂക്ഷിച്ചു വെച്ച ചുവന്ന റിബ്ബണ്‍ കണ്ട് എല്ലാവരും അമ്പരക്കുന്നു. ആരാധകരുടെ സ്നേഹത്തിന് ആ മനുഷ്യന്‍ ഇതിലും മധുരതരമായി എങ്ങനെ മറുപടി നല്‍കാനാണ്..

Tags:    

Similar News