ലവ് ജിഹാദ് നിരോധന നിയമം: മധ്യപ്രദേശിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

അറസ്റ്റ് ചെയ്യപ്പെട്ട സൊഹൈൽ മൻസൂരിക്കെതിരെ മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയൺ ഓർഡിനൻസ് 2020 പ്രകാരം കേസെടുത്തു.

Update: 2021-01-19 13:06 GMT
Advertising

ലവ് ജിഹാദ് നിരോധന നിയമത്തിന് കീഴിൽ മദ്യ പ്രദേശിൽ ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ 25 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 25 വയസ്സുകാരനായ യുവാവ് വിവാഹം കഴിക്കാനും, ഇസ്‌ലാം മതം സ്വീകരിക്കാനും നിർബന്ധിക്കുകയും, ശാരീരിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പരാതി നൽകി എന്നാണ് പോലീസ് ഭാഷ്യം.

''പെൺകുട്ടി നൽകിയ പരാതി പ്രകാരം, പ്രതി അവരെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഒരേ മതത്തിൽ പെട്ടവരാണെന്നാണ് പ്രതി പെൺകുട്ടിയോട് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് വിവാഹം കഴിക്കാനും മതം മാറാനും പരാതിക്കാരിയെ നിരന്തരം നിർബന്ധിക്കുകയും ചെയ്തു." ബർവാനി സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് യാദവ് പറഞ്ഞു.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സൊഹൈൽ മൻസൂരിക്കെതിരെ മധ്യ പ്രദേശ് ഫ്രീഡം ഓഫ് റിലീജിയൺ ഓർഡിനൻസ് 2020 പ്രകാരം കേസെടുത്തു. നിർബന്ധിത മതപരിവർത്തനത്തിന് എതിരെയുള്ള ഈ ഓർഡിനൻസ് പ്രകാരം രജിസ്റ്റർ ചെയ്യുന്ന മധ്യപ്രദേശിലെ ആദ്യ കേസാണ് ഇത്. രണ്ടാഴ്ച്ച മുമ്പാണ് ഈ ഓർഡിനൻസ് സംസ്ഥാനത്ത് നിലവിൽ വരുന്നത്. 10 വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

Tags:    

Similar News