'അർബൻ മാക്സ്‍വെല്‍', 'മംഗലസൂത്രയോ അതാരാ?'-കോൺഗ്രസ് ആസ്ഥാനത്തേക്ക് വിദ്യാർഥി പ്രകടനം; സർവകലാശാലയ്‍ക്കെതിരെ ട്രോൾ പൂരം

കങ്കണയെ കാണിക്കാമെന്നും കോൺഗ്രസിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ ഇന്റേണൽ മാർക്ക് മുഴുവനായും നൽകാമെന്നും ഗല്‍ഗോട്ടിയാസ് യൂനിവേഴ്സിറ്റി മാനേജ്‌മെന്റ് പറഞ്ഞിരുന്നതായി എക്സ് പോസ്റ്റിൽ വിദ്യാർഥി പറയുന്നു

Update: 2024-05-02 12:40 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കോൺഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിലൂടെ രാജ്യത്തെ ഒരു സർവകലാശാല സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണിപ്പോള്‍. യു.പിയിലെ ദങ്കൗറിൽ യമുന എക്‌സ്പ്രസ് വേയിൽ സ്ഥിതിചെയ്യുന്ന ഗൽഗോട്ടിയാസ് സർവകലാശാലയും അധികൃതരുമാണിപ്പോൾ വലിയ നാണക്കേടിലായിരിക്കുന്നത്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തേക്കു സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനമാണ് ട്രോൾവർഷങ്ങൾക്കു തിരികൊളുത്തിയത്.

സമ്പത്തിന്റെ പുനർവിതരണം, പിന്തുടർച്ചാ നികുതി, അർബൻ നക്‌സൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് റാലികളിൽ കോൺഗ്രസിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തുന്ന ആരോപണങ്ങൾ ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ പ്രകടനം. ഇതിനിടയിലേക്കാണ് ദേശീയ മാധ്യമമായ ആജ് തകിന്റെ റിപ്പോർട്ടർ എത്തുന്നത്. എന്താണ് പ്ലക്കാർഡുകളിൽ എഴുതിവച്ചിരിക്കുന്നതെന്നും എന്തിനു വേണ്ടിയാണ് ഈ പ്രകടനമെന്നും ചോദിച്ചപ്പോൾ ഉത്തരംമുട്ടുന്ന വിദ്യാർഥികളെയാണു പിന്നീട് കണ്ടത്. പ്രതിഷേധത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകനോട് ഒരാൾക്കുപോലും കൃത്യമായ ഉത്തരം നൽകാനായില്ലെന്നു മാത്രമല്ല, കൈയിൽ പിടിച്ച പ്ലക്കാർഡിൽ എഴുതിവച്ചതു പോലും വായിക്കാൻ റിപ്പോർട്ടർ സഹായിക്കേണ്ടിവന്നു.

എന്തിനാണ് കോൺഗ്രസ് ആസ്ഥാനത്തേക്കു പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നു ചോദിച്ചപ്പോൾ വികസിത ഭാരതം വരണമെന്നായിരുന്നു ഒരു വിദ്യാർഥിയുടെ മറുപടി. പ്രകടനത്തിന്റെ കൃത്യമായ ഉദ്ദേശലക്ഷ്യങ്ങൾ പറയാമോ എന്നു ചോദിച്ചപ്പോൾ അടുത്തയാളോട് ചോദിക്കൂ എന്നു പറഞ്ഞൊഴിഞ്ഞു. പ്ലക്കാർഡിൽ എഴുതിയതു കണ്ട് ആരാണ് മംഗലസൂത്രയും സ്വത്തുക്കളുമെല്ലാം തട്ടിയതെന്നു ചോദിച്ചപ്പോൾ പലരുടെയും ഉത്തരം രാഹുൽ ഗാന്ധി എന്നായിരുന്നു.

പ്ലക്കാർഡിലുള്ള പിന്തുടർച്ചാ നികുതി എന്താണെന്നു ചോദിച്ചപ്പോൾ മറുപടി കോൺഗ്രസ് പ്രകടനപത്രിക എന്നായിരുന്നു. പ്രകടനപത്രികയിൽ എന്താണുള്ളതെന്നു ചോദിച്ചപ്പോൾ ഉത്തരവുമുണ്ടായിരുന്നില്ല. ഏറെ ചിരി പടർത്തിയ മറ്റൊരു രംഗം ഇങ്ങനെയായിരുന്നു. പ്ലക്കാർഡിലുള്ളത് എന്താണെന്നു വിശദീകരിക്കാമോ എന്നു ചോദിച്ചു റിപ്പോർട്ടർ. അർബൻ നക്‌സൽ എന്ന് പ്ലക്കാർഡിൽ എഴുതിവച്ചിരുന്നത് വിദ്യാർഥി വായിച്ചൊപ്പിച്ചത് 'അർബൻ മാക്‌സ്‌വെൽ' എന്നും!

ആജ് തക് വിഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ ട്രോൾവർഷവും വിമർശനവുമാണ് സർവകലാശാലയ്‌ക്കെതിരെ ഉയരുന്നത്. വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയെയും സംസ്ഥാന ഉന്നത വിദ്യാഭ്യാസത്തെയുമാണ് എന്റെ യുവസുഹൃത്ത് തുറന്നുകാട്ടിയിരിക്കുന്നതെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി വിഡിയോ എക്‌സിൽ പങ്കുവച്ച് കുറിച്ചത്. അടുത്ത തവണ പ്രതിഷേധത്തിനു വരുമ്പോൾ എന്തിനാണെന്നു പഠിച്ചുവരണമെന്നും അദ്ദേഹം ഉപദേശിച്ചു.

എങ്ങനെയാണ് ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികൾ ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി, അതും തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിറങ്ങിയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. പ്രത്യക്ഷത്തിൽ ബി.ജെ.പി പതാകയോ അടയാളങ്ങളോ ഒന്നുമില്ലാതെയാണ് പ്രകടനം നടന്നതെങ്കിലും പ്ലക്കാർഡുകളിൽ നിറയെ മോദിയുടെ കള്ളമാണെന്നു തെളിയിക്കപ്പെട്ട വാദങ്ങളും എൻ.ഡി.എ പ്രചാരണവാക്യങ്ങളുമാണുള്ളത്. പ്രകടനം നടത്തുന്നത് കോൺഗ്രസ് ആസ്ഥാനത്തേക്കും.

ഇതിനിടെയാണ് ദുരൂഹതയ്ക്ക് ആക്കംകൂട്ടി സർവകലാശാല അധികൃതരുടെ പോസ്റ്റുകളും വരുന്നത്. ഗൽഗോട്ടിയാസ് സി.ഇ.ഒ ധ്രുവ് ഗൽഗോട്ടിയയാണ് വിദ്യാർഥി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതെന്ന് ആരോപണമുയരുന്നത്. ഗൽഗോട്ടിയ സർവകലാശാല വിദ്യാർഥികൾ മാധ്യമങ്ങളുമായി ആത്മവിശ്വാസത്തോടെ സംവദിക്കുകയും ആഗോള വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവെന്നാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ സി.ഇ.ഒ കുറിച്ചിരിക്കുന്നത്. പോസ്റ്റ് നിലവിൽ അക്കൗണ്ടിൽ കാണാനാകാത്തതിനാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

അതിനിടെ, നടി കങ്കണ റണാവത്തിനെ കാണാം എന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി സർവകലാശാലാ അധികൃതർ നിർബന്ധിച്ചാണ് പ്രകടനം നടത്തിയതെന്ന വാദവുമായി ഒരു വിദ്യാർഥി എക്‌സിൽ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ലക്ഷ്മി ശർമ എന്ന പ്രൊഫൈലിലാണ് അബദ്ധങ്ങൾ തിരിച്ചറിയുന്നുവെന്നും വിദ്യാർഥി കൗൺസിലിനു വേണ്ടി എല്ലാവരോടും മാപ്പുചോദിക്കുന്നുവെന്നും ഒരു വിദ്യാർഥി പറയുന്നത്. സർവകലാശാലാ മാനേജ്‌മെന്റ് ആണ് തങ്ങളെ നിർബന്ധിപ്പിച്ച് പ്ലക്കാർഡുകൾ കൈയിൽ പിടിപ്പിച്ചത്. കങ്കണയെ കാണിക്കാമെന്നു പറഞ്ഞു. കോൺഗ്രസിനെതിരെ ശക്തമായ പ്രസ്താവനകൾ നടത്തണമെന്നും ഇന്റേണൽ മാർക്ക് പൂർണമായും നൽകാമെന്നും മാനേജ്‌മെന്റ് പറഞ്ഞിരുന്നതായി പോസ്റ്റിൽ പറയുന്നു. അതേസമയം, അക്കൗണ്ടിന്റെയോ പോസ്റ്റിലെ വാദങ്ങളുടെയോ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

രാജ്യത്തെ ആദ്യത്തെ ഓഫ്‌ലൈൻ വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയാണ് ഗ്രേറ്റർ നോയിഡയിൽ തുറന്നിരിക്കുന്നതെന്നാണ് ഗൽഗോട്ടിയാസ് ചിത്രങ്ങൾ പങ്കുവച്ച് ഒരു എക്‌സ് യൂസർ പരിഹസിച്ചത്. ഇതുവരെ വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റി ഓൺലൈൻ മീഡിയം ആയിരുന്നു. ശക്തമായ ആവശ്യം പരിഗണിച്ച് ഓഫ്‌ലൈൻ കേന്ദ്രവും തുറന്നിരിക്കുകയാണെന്നും പരിഹാസം തുടരുന്നു.

ഈ കോലാഹലങ്ങൾക്കിടെ ഗൽഗോട്ടിയാസിലെ ഒരു ഗവേഷക വിദ്യാർഥിയുടെ അക്കാദമിക പ്രബന്ധവും വൈറലാകുന്നുണ്ട്. കൊറോണയ്‌ക്കെതിരെ കൈകളും പാത്രങ്ങളും കൊട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ 'ശാസ്ത്രീയ'മായി പരിശോധിക്കുന്നതാണു പ്രബന്ധം. കൈകളും പാത്രങ്ങളും കൊട്ടുക വഴിയുള്ള ശബ്ദങ്ങളുടെ പ്രകമ്പനത്തിലൂടെ വൈറൽ ചാകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നാണ് പഠനം വാദിക്കുന്നത്.

ഗൽഗോട്ടിയാസ് മെഡിക്കൽ ആൻഡ് അലീഡ് സയൻസസ് സ്‌കൂളിനു കീഴിലുള്ള ഫാർമസി വകുപ്പിൽ ഗവേഷക വിദ്യാർഥിയായ ധർമേന്ദ്ര കുമാറിന്റെ പേരിലാണ് പ്രബന്ധമുള്ളത്. 2020ൽ ജേണൽ ഓഫ് മോളിക്കുലാർ ഫാർമസ്യൂട്ടിക്കൽ ആൻഡ് റെഗുലേറ്ററി അഫേഴ്‌സിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നത്.

ഈ പ്രബന്ധമൊക്കെ കാണുമ്പോൾ കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ ഒക്കെ നിസ്സാരമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ഗൽഗോട്ടിയാസിലെ മഹാന്മാരായ പ്രൊഫസർമാർ കിടിലൻ വിദ്യാർഥികളെയാണു പുറത്തുവിട്ടുകൊണ്ടിരിക്കുന്നതെന്നും ഒരു യൂസർ പരിഹസിക്കുന്നുണ്ട്. ഗൽഗോട്ടിയാസ് രാജ്യത്തെ വലിയ തമാശയായി മാറിയിരിക്കുകയാണെന്നാണു മറ്റൊരാൾ കുറിച്ചത്.

Summary: Galgotias Or WhatsApp University? University and students trolled for failing to answer objective of protest to Congress headquarters in Delhi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News