സൗദിയിലേക്കുള്ള സന്ദര്‍ശക വിസയിലെ മാറ്റങ്ങളും ഫീസ് നിരക്കും; ഒരു വര്‍ഷത്തെ വിസയില്‍ ആറ് മാസം തുടച്ചയായി നില്‍ക്കാം; പൂര്‍ണമായ വിശദാംശങ്ങള്‍
സന്ദര്‍ശക വിസയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനി ഒരു മാസ-ഒരു വര്‍ഷ വിസകള്‍ മാത്രം. എന്നാല്‍ ഒരു മാസ വിസ പുതുക്കാനുള്ള അവസരമുണ്ടാകും
സൌദിയിലേക്ക് കുടുംബത്തിനും ആശ്രിതര്‍ക്കുമുള്ള സന്ദര്‍ശക വിസ ഫീസുകളില്‍ ഏകീകരണവും വിസകളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും മാത്രമാണ് ബിസിനസ്, ഫാമിലി വിസകള്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. ഒരു മാസത്തേക്കുള്ള സന്ദര്‍ശന വിസ ആവശ്യാനുസരണം പുതുക്കി നല്‍കുമെന്നാണ് ജവാസാത്തില്‍ നിന്നുള്ള വിവരം. ആറു മാസം വരെ ഈ വിസകള്‍ പുതുക്കാനാകുമെന്നും ജവാസാത്ത് കേന്ദ്രങ്ങള്‍ പറയുന്നു. പുതിയ രൂപത്തില്‍ സന്ദര്‍ശക വിസകള്‍ ഇന്നു മുതല്‍ പ്രൊസസിങ് തുടങ്ങിയതായി വിസ ഏജന്റുമാര്‍ അറിയിച്ചു. പുതിയ വിസകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങിനെയാണ്.
സൌദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് വിസ ഏകീകരണവും ഫീസും നിശ്ചിത സംഖ്യയായി നിജപ്പെടുത്തിയത്. ഇത് പ്രകാരം സൌദിയിലേക്കുള്ള ബിസിനസ് വിസ, ആശ്രിത വിസ, ഹജ്ജ്-ഉംറ തുടങ്ങി എല്ലാ വിസകള്‍ക്കും ഇനി മുതല്‍ മുന്നൂറ് റിയാലാണ് സ്റ്റാന്പിങ് ചാര്‍ജ്. സന്ദര്‍ശക വിസയില്‍ ഒരു വര്‍ഷത്തേക്കായാലും ഒരു മാസത്തേക്കായാലും ഇനി മുന്നൂറ് റിയാല്‍ മതി എന്ന് ചുരുക്കം.
നേരത്തെ സൌദിയിലേക്ക് രണ്ട് വര്‍ഷം, ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം, ഒരു മാസം എന്നിങ്ങിനെയായിരുന്നു സന്ദര്‍ശക വിസകള്‍. ഇതില്‍ ബിസിനസ് വിസകളും സന്ദര്‍ശക വിസകളും ലഭിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും മാത്രമേ ലഭിക്കൂ. ഫാമിലി വിസകള്‍ക്കും ബിസിനസ് വിസകള്‍ക്കും ഇത് ബാധകമാണ്. സൌദി ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാണ്. ഇവ ആവശ്യാനുസരണം പുതുക്കാനുള്ള സംവിധാനവുമുണ്ടാകും.
മൂന്ന് മാസത്തേക്ക് വിസയെടുത്ത് മൂന്ന് മാസത്തേക്ക് കൂടി പുതുക്കുന്ന രീതിയായിരുന്നു ഫാമിലി വിസകളിലെ ജനകീയ രീതി. എന്നാല്‍ പുതിയ രീതി പ്രകാരം ഒരു മാസത്തേക്ക് മാത്രമാണ് വിസ ലഭിക്കുന്നത്. ഇത് ഓരോ മാസവും ഇന്‍ഷുറന്‍സ് പുതുക്കിയും അബ്ഷീര്‍ വഴി ഫീസടച്ചും പുതുക്കാം. ആറ് മാസം വരെ ഇങ്ങിനെ പുതുക്കാമെന്നാണ് ജവാസാത്തില്‍ നിന്നുള്ള വിവരം. പുതുക്കാനുള്ള ഓപ്ഷന്‍ സൈറ്റിലുണ്ടാകും.
രണ്ടാമത്തെ വഴി ഒരു വര്‍ഷത്തേക്ക് ആശ്രിത വിസ എടുക്കുകയാണ്. ഇതില്‍ പരമാവധി ഒറ്റയടിക്ക് മൂന്നു മാസം നില്‍ക്കാം. പിന്നീട് രാജ്യം വിടാതെ ഒരു തവണ പുതുക്കിയാല്‍ ആറ് മാസം വരെ തുടര്‍ച്ചയായി കഴിയാം. പിന്നീട് രാജ്യം വിട്ട് തിരിച്ചു വരണം. കഴിഞ്ഞ ദിവസം മുതല്‍ മൂന്ന് മാസത്തെ ഫാമിലി വിസകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ഒരു മാസത്തേക്കാണ് അനുമതി ലഭിച്ചത്. അതു പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ പ്രൊസസിങ് ആരംഭിച്ചിട്ടുണ്ട്. നാളെ മുതല്‍ ഇതോടെ പാസ്പോര്‍ട്ടുകളില്‍ വിസ അടിച്ചു ലഭിക്കും.
ഒരു മാസത്തേക്ക് (30 ദിനം) സന്ദര്‍ശക വിസ ലഭിച്ചവര്‍ക്ക് അത് പുതുക്കലിനും ഇന്‍ഷൂറന്‍സിനും ഫീസടക്കണം. മൂന്നോ അതില്‍ കൂടുതലോ കൂടുതല്‍ സമയം തങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ഫാമിലി-ആശ്രിത സന്ദര്‍ശക വിസയെടുക്കുകയാണ് മെച്ചം. നേരത്തെ ആശ്രിത വിസ ലഭിച്ചവര്‍ക്കെല്ലാം ഈ സന്ദര്‍ശക വിസ ലഭിക്കും. നേരത്തെ മൂന്ന് മാസത്തിന് (90 ദിവസം) ശേഷം രാജ്യത്തിന് പുറത്ത് പോയി വരലോ ജവാസാത്തില്‍ പോയി പുതുക്കലോ ആയിരുന്നു രീതി. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനായി പുതിക്കാനുള്ള അവസരമുണ്ട്.
അതായത് ഒരു വര്‍ഷത്തെ ആശ്രിത വിസയെടുത്തവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം ഓണ്‍ലൈനായി അബ്ശീര്‍ വഴി വിസ പുതുക്കാം. ഇതോടെ ആറ് മാസം ഒന്നിച്ച് സൌദിയില്‍ തങ്ങാം. എന്നാല്‍ ആറ് മാസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി വരല്‍ നിര്‍ബന്ധമാണ്. ഇങ്ങിനെ പോയി വന്നാല്‍ ഒന്പതാമത്തെ മാസവും ഓണ്‍ലൈനായി പുതുക്കാം. പിന്നീട് വിസ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന പന്ത്രണ്ടാം മാസത്തില്‍ എക്സിറ്റ് ആയാല്‍ മതി.
വിസയുടെ കാലാവധി സംബന്ധിച്ച സംശയങ്ങളാണ് പല പ്രചാരണങ്ങള്‍ക്കും ഇടയാക്കിയത്. ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വിസക്ക് മൂന്ന് മാസമാണ് കാലാവധി. അതായത് മുപ്പത് ദിവസത്തെ വിസ കോണ്‍സുലേറ്റില്‍ നിന്നും സ്റ്റാന്പ് ചെയ്ത ശേഷം മൂന്ന് മാസത്തിനുള്ളില്‍ സൌദിയില്‍ എത്തിയാല്‍ മതിയെന്ന് ചുരുക്കം. ഇതാണ് മൂന്ന് മാസത്തെ കാലാവധി കൊണ്ട് അര്‍ഥമാക്കുന്നത്. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ കാലാവധി ഒരു വര്‍ഷമാണ്. അതായത് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സ്റ്റാന്പ് ചെയ്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സൌദിയിലേക്ക് പ്രവേശിച്ചാല്‍ മതിയെന്ന് ചുരുക്കം.
ഹജ്ജ്, ഉംറ, സന്ദര്‍ശനം തുടങ്ങി എല്ലാ വിസകള്‍ക്കും ഇനി കോണ്‍സുലേറ്റില്‍ നിന്നും സ്റ്റാമ്പ് ചെയ്യാനുള്ള നിരക്ക് മുന്നൂറ് റിയാലാണ്. സന്ദര്‍ശന വിസക്ക് ഓണ്‍ലൈന്‍ വഴിയടക്കേണ്ട ഫീസ് ഇതിനു പുറമേയാണ്. വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കാന്‍ ഇന്‍ഷൂറന്‍സും അടക്കണം. ഒരു മാസത്തേക്കുള്ള ഇന്‍ഷൂറന്‍സ് നിരക്കും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസയിലെ ഇന്‍ഷൂറന്‍സും വ്യത്യാസമുണ്ട്. മള്‍ട്ടിപ്പിള്‍ വിസയില്‍ നിരക്ക് കൂടും.
ഒന്നോ രണ്ടോ മാസമാണ് സന്ദര്‍ശന ലക്ഷ്യമെങ്കില്‍ ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി എടുത്ത് പുതുക്കുന്നതാണ് ഉചിതം. മൂന്ന് മാസത്തിലേറെ തങ്ങാനാണ് പദ്ധതിയെങ്കില്‍ ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയും എടുക്കാം. സിംഗിള്‍ എന്‍ട്രിയില്‍ ആറു മാസം വരെ തങ്ങാമെന്നാണ് ജവാസാത്തില്‍ നിന്നുള്ള വിവരം. ഇതിനാല്‍ ഓരോ മാസം കഴിയുമ്പോഴും ഫീസും ഇന്‍ഷൂറന്‍സും അടക്കേണ്ടി വരും. ഇത് ആറ് മാസം ചെയ്യുന്നതിനേക്കാള്‍ നല്ലത് ദീര്‍ഘ കാല താമസമാണ് ലക്ഷ്യമെങ്കില്‍ ഒരു വര്‍ഷ മള്‍ട്ടിപ്പിള്‍ എടുക്കുന്നതാകും ലാഭകരമന്നാണ് നിലവിലെ സൂചന.
ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വിസയും മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ഇതിനാല്‍ മൂന്ന് മാസത്തെ വിസ ഇഷ്യൂ ചെയ്ത് സ്റ്റാമ്പിങിന് കൊടുത്തവര്‍ക്ക് ഒരു മാസത്തേക്കാണ് ഇന്നലെ വരെ സ്റ്റാമ്പ് ചെയ്ത് ലഭിച്ചത്. ഇവര്‍ക്ക് ഒന്നുകില്‍ ഒരു മാസത്തേക്ക് സന്ദര്‍ശക വിസയെടുത്ത് പുതുക്കി രണ്ട് മാസം നില്‍ക്കാം. ഇല്ലെങ്കില്‍ അപേക്ഷ പുതുക്കി ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കേണ്ടി വരും. നിലവില്‍ അപേക്ഷിച്ച വിസ നിലനില്‍ക്കെ തന്നെ മറ്റൊരു വിസക്ക് അപേക്ഷിക്കാന്‍ സാങ്കേതിക തടസ്സങ്ങളൊന്നുമില്ല.
മൂന്ന് മാസത്തെ സന്ദര്‍ശക വിസയെടുത്ത് സൌദിയില്‍ തങ്ങുന്നവര്‍ക്ക് ഇനിയെത്ര മാസം കൂടി ലഭിക്കും എന്നതാണ് അവശേഷിക്കുന്ന ഏക സംശയം. മുംബൈയിലെ ട്രാവല്‍ ഏജന്റുകളില്‍ ചിലര്‍ ഒരു മാസത്തേക്ക് മാത്രമേ വിസ പുതുക്കാനാകൂ എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് മാസത്തേക്ക് കൂടി ലഭിക്കുമെന്നും ചിലര്‍ പറയുന്നു. ഇന്നു മുതല്‍ വിസ പുതുക്കാന്‍ ശ്രമിക്കുന്പോള്‍ ഇക്കാര്യം വ്യക്തമാകും. അതേ സമയം മൂന്ന് മാസത്തേക്ക് കൂടി വിസ പുതുക്കി കഴിഞ്ഞവര്‍ക്ക് കാലാവധി കഴിയും വരെ സൌദിയില്‍ തുടരുകയും ചെയ്യാം.
യുഎസ്, യുകെ, ഫ്രാന്‍സ്, സൌത്ത് കൊറിയ, ജപ്പാന്‍ എന്നിവര്‍ക്ക് നേരത്തെയുള്ള രീതി തുടരുന്നുമുണ്ട്. അതായത് ഇവര്‍ക്ക് നേരത്തെയുള്ള എല്ലാ വിസകളും ലഭ്യമാണ്.
വിസകള്‍ ഇഷ്യൂ ചെയ്യുന്നതില്‍ കാലതാമസമില്ല. എന്നാല്‍ സൈറ്റില്‍ അപ്ഡേഷന്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി ഇതിനകം വിസ സ്റ്റാമ്പ് ചെയ്യാന്‍ നല്‍കിയവരോട് രണ്ട് ദിവസത്തേക്കെങ്കിലും കാത്തിരിക്കാനാണ് ട്രാവല്‍ ഏജന്റുമാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മൂന്ന് മാസ വിസകള്‍ സ്റ്റാമ്പ് ചെയ്യാന്‍ നല്‍കിയപ്പോള്‍ ഇത് കോണ്‍സുലേറ്റ് നിരസിച്ചു. പകരം ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കുമാക്കി നല്‍കിയവയുടെ പ്രൊസസിങ് തുടങ്ങിയിട്ടുള്ളതായും മുംബൈയിലെ ഏജന്റുമാരും കേരളത്തിലെ ട്രാവല്‍ ഏജന്റുമാരും അറിയിച്ചു.