മുപ്പത്തി ഏഴാം ഉച്ചകോടി ബഹ്റൈനിൽ സമാപിച്ചു
ബഹ്റൈനിലെ സാഖിർ പാലസിൽ നടന്ന മുപ്പത്തി ഏഴാമത് ജി.സി.സി ഉച്ചകോടിയിൽ ബ്രിട്ടനുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണയായി
മുപ്പത്തി ഏഴാം ഉച്ചകോടി ബഹ്റൈനിൽ സമാപിച്ചു. ബഹ്റൈനിലെ സാഖിർ പാലസിൽ നടന്ന മുപ്പത്തി ഏഴാമത് ജി.സി.സി ഉച്ചകോടിയിൽ ബ്രിട്ടനുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണയായി. ജി.സി.സി ഉച്ചകോടിയില്‍ ആദ്യമായി പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളും പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിറിയ, യമന്‍, ഇറാന്‍ വിഷയങ്ങളില്‍ ബ്രിട്ടൻ ജി.സി.സി രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യും. ഐ.എസ്, അല്‍ ഖാഇദ അടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായ പോരാട്ടത്തിനും ജി.സി.സിയും ബ്രിട്ടനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഉച്ചകോടിയുടെ സമാപനമായി പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തിൽ ഇക്കാര്യം വ്യക്തമാക്കി. ഒരുമിച്ച് പ്രവര്‍ത്തിക്കാനും ബഹ്റൈനില്‍ നടന്ന ഉച്ചകോടിയില്‍ ധാരണയായി.
ബശ്ശാറുല്‍ അസദിനു പകരം എല്ലാ സിറിയക്കാരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാറിലേക്കുള്ള മാറ്റമാണ് സിറിയൻ പ്രശ്നത്തിന് പരിഹാരമെന്നും ഉച്ചകോടി വിലയിരുത്തി. നല്ല അയല്‍ക്കാരനെന്ന നിലയില്‍ ഇറാന്‍ അറബ് മേഖലയില്‍ ഇടപെടുകയാണ് വേണ്ടതെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. യമനിലെ സംഘര്‍ഷം സമാധാനപരമായ ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരമായി പരിഹരിക്കണമെന്നും ഉച്ചകോടി വിലയിരുത്തി .അറബ് മേഖലയിലെ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കണമെന്ന നിലപാടാണ് ഉച്ചകോടിയിൽ ഉയർന്നത്.
ജി.സി.സി സഹകരണത്തില്‍ നിന്ന് യൂനിയനിലേക്കുള്ള പാതയിലാണെന്നുമുള്ള സൂചനകൾ നൽകിക്കൊണ്ട് കൂടിയാണ് മുപ്പത്തി ഏഴാം ജി.സി.സി ഉച്ചകോടി സമാപിച്ചത്.