ബഹ്റൈനില്‍ വാറ്റ് നടപ്പില്‍ വരുന്നു
മൂല്യ വര്‍ധിത നികുതി രാജ്യത്ത് ഏര്‍പ്പെടുത്തുന്നതോടെ ചില ഉല്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി ചുമത്തപ്പെടുക
ബഹ്‌റൈനിലും മൂല്യ വര്‍ധിത നികുതി വാറ്റ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജി.സിസി രാജ്യങ്ങള്‍ക്ക് പൊതുവായുള്ള മൂല്യവര്‍ധിത നികുതിയും സെലക്ടീവ് നികുതിയുമാണ് നടപ്പിലാക്കുക.
മൂല്യ വര്‍ധിത നികുതി രാജ്യത്ത് ഏര്‍പ്പെടുത്തുന്നതോടെ ചില ഉല്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി ചുമത്തപ്പെടുക. ധനകാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയാണ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്. പുതിയ നികുതി പരിഷ്‌കാരങ്ങള്‍ ആദായ നികുതിയല്ലെന്നും സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് ചുമത്തുകയെന്നും മന്ത്രി അറിയിച്ചു. അടിസ്ഥാന ഭക്ഷണ സാധനങ്ങളിലും മരുന്നുകളിലും അനുബന്ധ സാധനങ്ങളിലും ഈ നികുതി ചുമത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 90 ശതമാനത്തോളം ഉല്‍പന്നങ്ങളും ഈ നികുതിക്ക് പുറത്ത് വരുന്നതിനാല്‍ പുതിയ പരിഷ്‌കാരം കുറഞ്ഞ വരുമാനക്കാരായ പൗരന്‍മാരെ ബാധിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആരിഫ് ഖമീസ് പറഞ്ഞു.
2018ഓടെയാണ് ബഹ്‌റൈനില്‍ 'വാറ്റ്' നിലവില്‍ വരിക. ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ 'വാറ്റ്' നിരക്ക് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞതാണെന്ന് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി അല്‍ റുമെയ്ഹി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.