അബൂദബിയിലെ സ്വദേശി പൗരന്മാര്‍ ചികിത്സാ ഫീസിന്റെ 20 % സ്വയം വഹിക്കണമെന്ന നിയമം റദ്ദാക്കി

Update: 2017-12-23 17:57 GMT
അബൂദബിയിലെ സ്വദേശി പൗരന്മാര്‍ ചികിത്സാ ഫീസിന്റെ 20 % സ്വയം വഹിക്കണമെന്ന നിയമം റദ്ദാക്കി
Advertising

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്‌

Full View

അബൂദബിയിലെ സ്വദേശി പൗരന്മാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ ഫീസിന്റെ 20 ശതമാനം സ്വയം വഹിക്കണമെന്ന നിയമം റദ്ദാക്കി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്‌.

അബൂദബി ബുർജീൽ ആശുപത്രി സന്ദർശിക്കുന്നതിനിടെയാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. മെഡിക്കൽ ടൂറിസം കേന്ദ്രം എന്ന നിലയിൽ എമിറേറ്റിനെ ശക്​തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദഗ്ധ മെഡിക്കൽ കോളജും ആരോഗ്യ പരിചരണ നഗരവും സ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടു. എമിറേറ്റിലെ ഇൻഷുറൻസ്​ നിയമത്തിൽ ഭേദഗതി വരുത്തി അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്) 2016 ജൂലൈ ഒന്ന്​ മുതൽ നടപ്പാക്കിയ നിർദേശമാണ്​ റദ്ദാക്കപ്പെട്ടത്​. ഇതോടെ "തിക്ക" മെഡിക്കൽ ഇൻഷുറൻസ്​ കാർഡുള്ള എല്ലാ സ്വദേശികളുടെയും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ്​ പൂർണമായി ഇൻഷുറൻസ്​ പദ്ധതികളിൽ ഉൾപ്പെടും. നവീനമായ ആരോഗ്യ പരിചരണ സേവനങ്ങൾ ലഭ്യമാക്കാനുള്ള അവസരമാണ്​ ഉത്തരവിലൂടെ സാധ്യമാകുന്നതെന്ന്​ ബുർജീൽ ആശുപത്രിയുടെ ചുമതലയുള്ള വി.പി.എസ്​ ഹെൽത്ത്​ കെയറി​െൻറ ചെയർമാൻ മാനേജിങ്​ ഡയറക്​ടറുമായ ഷംസീർ വയലിൽ അഭിപ്രായപ്പെട്ടു. സ്വദേശികളുടെ ചികിത്സാ ചെലവ്​ പൂർണമായി ഇൻഷുറൻസ്​ പദ്ധതികൾക്ക്​ കീഴിലാക്കിയ പുതിയ ഉത്തരവ്​ വിദേശ സ്​ഥാപനങ്ങൾ ഉൾപ്പെടെ അബൂദബിയിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക്​ നേട്ടമാണ്​. 20 ശതമാനം സ്വയം വഹിക്കണമെന്ന നിബന്ധന കാരണം സ്വകാര്യ ആശുപത്രികളുടെയും ചെറുകിട മെഡിക്കൽ സെൻററുകളുടെയും വരുമാനത്തിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നു.

Tags:    

Similar News