വ്യാപാര സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ നിലപാട് കർക്കശമാക്കി ബഹ്റൈന്‍
അനുമതി ലഭിക്കാതെ സ്ഥാപനങ്ങൾ തുറക്കുന്നതും സാധനങ്ങള്‍ വില്‍ക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു
ബഹ്റൈനിൽ വ്യാപാര സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ ഭരണകൂടം നിലപാട് കർക്കശമാക്കി. ഈ രംഗത്ത് ഉയരുന്ന പരാതികളിന്മേൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധിക്യതർ അറിയിച്ചു.
വാണിജ്യ ടൂറിസം മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് നിയമം ലംഘിച്ച് വ്യാപാരം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയത്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒരു റെസ്‌റ്റോറൻറ് കഴിഞ്ഞ ദിവസം അടപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പ്. നിയമലംഘനം നടത്തിയ റെസ്‌റ്റോറൻറിന്റെ ഉടമയെ റിമാന്റ് ചെയ്യുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി മന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അനുമതി ലഭിക്കാതെ സ്ഥാപനങ്ങൾ തുറക്കുന്നതും സാധനങ്ങള്‍ വില്‍ക്കുന്നതും ഒഴിവാക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. തെരുവുകളിൽ നിയമം ലംഘിച്ച് കച്ചവടം ചെയ്യുന്നവർക്കെതിരെയും നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
ഈ വർഷം ആദ്യത്തെ മൂന്ന് മാസക്കാലയളവിനുള്ളിൽ തന്നെ നിരവധി അനധികൃത തെരുവ് കച്ചവടക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. മനാമയിലെ വിവിധ തെരുവുകളിൽ അനധികൃത കച്ചവടത്തിലേർപ്പെട്ടവരെയാണ് പ്രധാനമായും പിടികൂടിയത്. ക്യാപിറ്റൽ ജനറൽ സെക്രട്ടേറിയറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ്, നാഷണലിറ്റി, പാസ്പോർട്ട്സ്ആൻഡ് റെസിഡൻസ് അഫയേഴ്‌സ് തുടങ്ങിയ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെയാണ് നിയമലംഘകരെ കണ്ടെത്താനുള്ള അന്വേഷണം.