സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയവര്‍ക്കെതിരെ നടപടി ശക്തം
കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ പിടിയിലായത് അന്‍പതിലധികം പേരാണ്. ഇതില്‍ പതിനഞ്ച് മലയാളികളുമുണ്ട്.
സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ പിടിയിലായത് അന്‍പതിലധികം പേരാണ്. ഇതില്‍ പതിനഞ്ച് മലയാളികളുമുണ്ട്. നാട്ടില്‍ പ്രവൃത്തി പരിചയം നേടിയ സ്ഥാപനങ്ങള്‍ പൂട്ടിയതും പലര്‍ക്കും വിനയായി.
ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. പിടിയിലായ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ പകര്‍പ്പ് തന്നെയാണ് സമര്‍പ്പിച്ചിരുന്നത് എന്നാല്‍ കൂടെ സമര്‍പ്പിച്ച വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പേരിലാണ് പലര്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വന്നിട്ടുള്ളത്.
നഴ്‌സിംഗ്, എഞ്ചിനിയറിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷമ പരിശോധനയിലാണ് ഇപ്പോള്‍ നടപടികള്‍ ശക്തമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും ശിക്ഷ പൂര്‍ത്തിയാകുന്ന മുറക്ക് ഇവരെ നാട് കടത്തുകയും ചെയ്യും. ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക കമ്മീഷനെ തന്നെ നിയോഗിച്ചിട്ടുണ്ട് ഇവര്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടിക്കപെട്ടവര്‍ക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത്.
ചില കേസുകളില്‍ പഠിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളും ജോലി ചെയ്ത സ്ഥാപനങ്ങളും അടച്ചു പൂട്ടിയതിനാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടക്കാത്തതും വിനയാവുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. പലപ്പോഴും കര്‍ശനമായ നിയമ നടപടികളെകുറിച്ചുള്ള അറിവില്ലായ്മയും ഏജന്‍സികളുടെ ചൂഷണവുമാണ് പലരെയും കേസിലകപ്പെടാന്‍ ഇടയാക്കുന്നത്.