ഫഹദ് രാജാവിന്‍റെ സ്മരണയ്ക്കായി ചിത്രപ്രദര്‍ശനം
ആധുനിക സൗദി അറേബ്യയുടെ ശില്‍പികളില്‍ പ്രമുഖനായ അന്തരിച്ച മുന്‍ ഭരണാധികാരി ഫഹദ് രാജാവിന്‍റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
ആധുനിക സൗദി അറേബ്യയുടെ ശില്‍പികളില്‍ പ്രമുഖനായ അന്തരിച്ച മുന്‍ ഭരണാധികാരി ഫഹദ് രാജാവിന്‍റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. അപൂര്‍വ ചരിത്ര രേഖകളും ചിത്രങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. സൗദിയുടെ ഒരു കാലഘട്ടത്തിന്‍റെ കഥ പറയുന്ന 'ഫഹദ് നേതൃചൈതന്യം' പ്രദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ആധുനിക സൗദിയുടെ ചരിത്രം ചിത്രങ്ങളിലും ചെറുകുറിപ്പുകളിലുമായി അനാവൃതമാക്കപ്പെടുന്ന തരത്തിലാണ് പ്രദര്‍ശനം സംവിധാനിച്ചിട്ടുള്ളത്. ഇതിനൊപ്പം ഫഹദ് രാജാവിന്‍റെ സ്വകാര്യ, ഔദ്യോഗിക ജീവിതത്തിലെ രേഖകളും വസ്തുക്കളും ഉണ്ട്. ആയിരത്തോളം ചിത്രങ്ങളാണ് ആകെയുള്ളത്. സൗദി അറേബ്യയുടെ ചരിത്രം സമഗ്രമായ പ്രതിപാദിക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന് ഒന്നാം സൗദി സ്റ്റേറ്റ് മുതല്‍ ഫഹദ് രാജാവിന്‍റെ നിര്യാണം വരെയുള്ള വിശദമായ വിവരം ലഭിക്കും. ഇതിനിടയില്‍ രാജാവിന് ലഭിച്ച കീര്‍ത്തിമുദ്രകള്‍, സമ്മാനങ്ങള്‍ എന്നിവയുമുണ്ട്. കിഴക്കന്‍ സൗദിയുടെ വ്യാവസായിക വളര്‍ച്ചയില്‍ ഫഹദ് രാജാവിന്‍റെ സംഭാവനകളും ഇവിടെ വരച്ചിടുന്നു.
അരാംകോയുടെയും സാബികിന്‍റെയും കിങ് ഫഹദ് സര്‍വകലാശാലയുടെയും ചരിത്രവും വളര്‍ച്ചയും ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിക്കുന്നു. അരാംകോയുടെ വിവിധ എണ്ണക്കിണറുകളില്‍ നിന്ന് ലഭിച്ച വ്യത്യസ്തമായ ക്രൂഡ് ഓയില്‍ സാമ്പിളുകള്‍ സവിശേഷമായ കുപ്പികളില്‍ രാജാവിന് കമ്പനി സമ്മാനിച്ചതും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിസ്ഥാനം വഹിച്ചപ്പോള്‍ അദ്ദഹം ഉപയോഗിച്ചിരുന്ന ഓഫീസ് അതേ മാതൃകയില്‍ പുനസംവിധാനിച്ചിട്ടുണ്ട്. മദീനയിലെ ഖുര്‍ആന്‍ പ്രിന്‍റിങ് പ്രസില്‍ ആദ്യമായി അച്ചടിച്ച പച്ച ബൈന്‍ഡിങ്ങിലുള്ള ഖുര്‍ആന്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഫഹദ് രാജാവിന്‍റെ ഖബറടക്കത്തിന്‍റെ ചിത്രത്തോടെയാണ് പ്രദര്‍ശനം അവസാനിക്കുന്നത്. റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 2005 ലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത ചിത്രമായിരുന്നു ഇത്. കിംങ് ഫഹദ് സര്‍വകലാശാലയില്‍ ഈമാസം 31 വരെ പ്രദര്‍ശനം തുടരും.