പശ്ചിമേഷ്യയിലെ സംഘര്‍ഷം: വിമാനകമ്പനികള്‍ക്ക് വന്‍ നഷ്ടമെന്ന് വ്യോമയാന വ്യവസായ വിദഗ്ധര്‍

പുതിയ സംഘര്‍ഷങ്ങള്‍ കാരണം ഇറാനും ഇറാഖിനും മുകളിലൂടെയുള്ള വ്യോമമേഖലകള്‍ ഒഴിവാക്കി ബദല്‍ റൂട്ടുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതമായതാണ് വിമാന കമ്പനികള്‍ക്ക് അതിക ബാധ്യത വരുത്തി വെച്ചത്

Update: 2020-01-17 18:11 GMT

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കാരണം വിമാന കമ്പനികള്‍ക്ക് വന്‍ നഷ്ടം നേരിടുന്നതായി വ്യോമയാന വ്യവസായമേഖലാ വിദഗ്ധര്‍. പുതിയ സംഘര്‍ഷങ്ങള്‍ കാരണം ഇറാനും ഇറാഖിനും മുകളിലൂടെയുള്ള വ്യോമമേഖലകള്‍ ഒഴിവാക്കി ബദല്‍ റൂട്ടുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതമായതാണ് വിമാന കമ്പനികള്‍ക്ക് അതിക ബാധ്യത വരുത്തി വെച്ചത്. മധ്യപൗരസ്ത്യ മേഖലയിലേക്കുള്ള വിമാന സര്‍വീസുകളുടെ ചെലവ് 16 മുതല്‍ 22 ശതമാനം വരെ വര്‍ധിച്ചതായി വ്യോമയാന വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു.

യാത്രാസമയം വര്‍ധിക്കുന്നതിനും പുതിയ സാഹചര്യം ഇടയാക്കിയതായി ഇവര്‍ ചൂണ്ടികാണിക്കുന്നു. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കാരണം നിരവധി വിമാന കമ്പനികളാണ് റൂട്ടുകള്‍ മാറ്റി സഞ്ചരിക്കുന്നത്. ഇത് വഴി വിമാന കമ്പനികള്‍ക്കു മാത്രമല്ല, യാത്രക്കാര്‍ക്കും നഷ്ടം നേരിടുന്നുണ്ട്. കമ്പനികളേക്കാള്‍ കൂടുതലായി യാത്രക്കാരെയാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ ബാധിക്കുന്നത്. യാത്രാസമയം വര്‍ധിച്ചതിനു പുറമെ ഉയര്‍ന്ന ടിക്കറ്റ്നിരക്ക് നല്‍കുന്നതിനും യാത്രക്കാര്‍ നിര്‍ബന്ധിതമാവുകയാണ്. സംഘര്‍ഷം മൂര്‍ഛിച്ചതിനെതുടര്‍ന്ന് ഇറാനും ഇറാഖിനും മുകളിലൂടെയുള്ള വ്യോമപാതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ വിമാനകമ്പനികളെ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിലക്കിയിട്ടുണ്ട്.

Advertising
Advertising

നിലവിലെ സാഹചര്യത്തില്‍ ഇറാഖ് വ്യോമ മേഖല ഒഴിവാക്കുന്നതിന് യൂറോപില്‍ നിന്നുള്ള കമ്പനികള്‍ക്ക് യൂറോപ്യന്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഏജന്‍സിയും നിര്‍ദേശം നല്‍കി. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ വ്യോമപാതകള്‍ ഉപയോഗിക്കുന്നതിന് നിര്‍ബന്ധിതമായതോടെ സമയ നഷ്ടത്തിന് പുറമെ വിമാന ജീവനക്കാര്‍ക്ക് ഓവര്‍ടൈം വേതനം നല്‍കുന്നതിനും മെയിന്റനന്‍സ് ചെലവ് വര്‍ധിക്കുന്നതിനും വ്യോമപാതകള്‍ ഉപയോഗിക്കുന്നതിനുള്ള നിരക്ക് ഇനത്തില്‍ കൂടുതല്‍ തുക വഹിക്കുന്നതിനും നിര്‍ബന്ധിതമാവുകയാണെന്ന് അയാട്ട റീജിണല്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ ബകരി പറഞ്ഞു.

Tags:    

Similar News