ഫ്ലൈ ദുബൈ വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കൽ; പറക്കുന്നതിനിടെ പൈലറ്റുമാർ തമ്മിൽ സംഘർഷം?
യാത്രക്കാർ സുരക്ഷിതരെന്ന് ഫ്ലൈ ദുബൈ; അക്രമ സംഭവത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല
ദുബൈ/ ജറൂസലേം: ലോകത്തെ ഞെട്ടിച്ച ഫ്ലൈ ദുബൈ വിമാനത്തിന്‍റെ അടിയന്തര ലാൻഡിങിന് പിന്നിൽ പൈലറ്റുമാർ തമ്മിലുള്ള കൈയാങ്കളിയെന്ന് റിപ്പോർട്ട്. ഇസ്രായേൽ അധികൃതരെയും യാത്രക്കാരെയും ഉദ്ധരിച്ച് സിഎൻഎൻ, റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ ദുബൈയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോയ വിമാനമാണ് സൗദി അറേബ്യയിലേക്ക് തിരിച്ചുവിടുകയും തബൂക്ക് വിമാനത്താവളത്തിൽ ഇറക്കേണ്ടി വന്നത്. കോക്പിറ്റിൽ വെച്ച് രണ്ട് പൈലറ്റുമാർ തമ്മിൽ സംഘർഷമുണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇക്കാര്യം ഫ്ലൈ ദുബൈയോ മറ്റ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് ഫ്ലൈ ദുബൈ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കേണ്ടി വന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഫ്ലൈ ദുബൈ അറിയിച്ചു. വിമാനത്തിലെ ഒരു പൈലറ്റിന് കുത്തേറ്റതായും രക്തം കലർന്ന വസ്ത്രങ്ങളുടെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിമാനം റാഞ്ചിയതെന്ന പ്രചാരണം തെറ്റ്; എമർജൻസി കോഡ് പുറപ്പെടുവിച്ചത് രണ്ട് പ്രാവശ്യം
ഫ്ലൈ ദുബൈയുടെ ദുബൈ- ടെൽ അവീവ് എഫ് ഇസഡ് 1073 വിമാനം റാഞ്ചപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് ആദ്യം പ്രചരിച്ചത്. ഇത് തെറ്റാണെന്നാണ് വിമാനത്തിൽ നിന്നുള്ള സന്ദേശങ്ങളിൽ വ്യക്തമാകുന്നത്. വിമാനം ഹൈജാക്കു ചെയ്യപ്പെട്ടു എന്നതിന്‍റെ സൂചനയായ 7500 എന്ന ട്രാൻസ്‌പോണ്ടർ കോഡ് ഫ്ലൈ ദുബൈ വിമാനം പ്രക്ഷേപണം ചെയ്തുവെന്ന റിപ്പോർട്ടിൽ തുടക്കം മുതൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. വിമാനത്തിന്‍റെ പറക്കൽപ്പാത പരിശോധിക്കുമ്പോൾ ഹൈജാക്ക് സ്ക്വാക്ക് ആയ 7500 പ്രക്ഷേപണം ചെയ്യപ്പെട്ടത് കണ്ടെത്താനായിട്ടില്ലെന്ന് വ്യോമയാന വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. അതേസമയം, അടിയന്തര ഘട്ടത്തെ സൂചിപ്പിക്കാനുള്ള ജനറൽ എമർജൻസി കോഡായ 7700 ആണ് വിമാനത്തിൽ നിന്ന് പ്രക്ഷേപണം ചെയ്തത്. ഈ കോഡ് രണ്ട് പ്രാവശ്യം വിമാനത്തിൽ നിന്ന് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. യു.എ.ഇ സമയം രാവിലെ 09:31ന് ആണ് എമർജൻസി കോഡ് ആയ 7700 പുറപ്പെടുവിച്ചത്. ഏഴ് മിനിറ്റിന് ശേഷം സാധാരണ കോഡിലേക്ക് മാറിയതായും ഫ്ലൈറ്റ് ട്രാക്കിങ് രേഖകൾ വ്യക്തമാക്കുന്നു.
7.05ന് ദുബൈയിൽ നിന്ന് പറന്നുയർന്നു, രണ്ടര മണിക്കൂർ സാധാരണം; പിന്നീട് പെട്ടെന്ന് താഴലും ഉയരലും
ഇന്ന് രാവിലെ ദുബൈ സമയം 7.05നാണ് ദുബൈയിൽ നിന്ന് ഫ്ലൈ ദുബൈ വിമാനം ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്നുയർന്നത്. ആദ്യ രണ്ടര മണിക്കൂറിൽ വിമാനം സാധാരണ നിലയിൽ തന്നെയാണ് പറന്നിരുന്നത്. അറേബ്യൻ ഗൾഫിനു മീതേ പറന്ന് ബഹ്‌റൈന് വടക്കു കൂടി സൗദിക്കു മീതേ എത്തി കുവൈത്ത് അതിർത്തിയോടു ചേർന്ന് പടിഞ്ഞാറേക്ക് പറക്കുന്ന പതിവു റൂട്ടിൽ തന്നെയായിരുന്നു വിമാനം പറന്നിരുന്നത്. രാവിലെ 9.21ഓടെ ഉയരത്തിൽ വ്യതിയാനം ഉണ്ടാകുകയായിരുന്നു.
ആ നേരം 33,225 അടിപ്പൊക്കത്തിൽ, മണിക്കൂറിൽ 866 കിലോമീറ്റർ വേഗത്തിലാണ് വിമാനം പറന്നുകൊണ്ടിരുന്നത്. 30 സെക്കൻഡിനകം വിമാനം 18,925 അടി പൊക്കത്തിലേക്ക് താഴ്ന്നു. 30 സെക്കൻഡിനുള്ളിലാണ് വിമാനം 14,000 അടിക്ക് മുകളിൽ താഴേക്ക് നീങ്ങിയത്. പടിഞ്ഞാറ് ജോർഡനു നേരെ പറന്നു കൊണ്ടിരുന്ന വിമാനം പെട്ടെന്ന് വടക്കോട്ടായി പറക്കൽ. മിനിറ്റുകൾ കഴിഞ്ഞപ്പോൾ വിമാനം പിന്നെയും മുകളിലേക്ക് പറന്നു കയറി 21,650 അടിപ്പൊക്കത്തിലെത്തി. അധികം വൈകാതെ വീണ്ടും വിമാനം പൊടുന്നനെ താഴേക്ക് വന്നു. ഏഴായിരം അടിയോളം താഴേക്ക് 14,975 അടിയിലാണ് വിമാനം എത്തിയത്. ഈ സമയത്താണ് വിമാനത്തിൽ നിന്ന് അടിയന്തര കോഡ് പുറപ്പെടുവിച്ചത്. യു.എ.ഇ സമയം 9.31ന് അടിയന്തര കോഡ് ആയ 7700 ഉം 9.38ന് നിയമവിരുദ്ധ ഇടപെടൽ സൂചിപ്പിക്കുന്ന 7500 കോഡും പുറപ്പെടുവിച്ചതായും റിപ്പോർട്ടുണ്ട്. യുഎഇ സമയം 10.45ഓടെ (ഇന്ത്യൻ സമയം ഉച്ചക്ക് 12.15) വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിമാനം തബൂക്കിൽ ലാൻഡു ചെയ്യുന്നതിന് മിനിറ്റുകൾ മുമ്പ് ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്തതായും സൂചനയുണ്ട്. വിമാനം ലാൻഡ് ചെയ്യുന്നതിന് മിനിറ്റുകൾ മുമ്പുള്ള വിവരങ്ങൾ ഇതിനാൽ ട്രാക്കിങ് സൈറ്റുകളിൽ ലഭ്യമായിട്ടില്ല. വിമാനം സൗദിക്ക് മീതെ പറന്ന് ജോർഡൻ വ്യോമാതിർത്തിയിൽ എത്തിയ ശേഷം യൂടേൺ എടുത്ത് സൗദിയിലേക്ക് പറക്കുക,പൈലറ്റുമാർ തമ്മിൽ അടിയുണ്ടാവുകയും ഒരു പൈലറ്റ് മറ്റേ പൈലറ്റിനെ കുത്തുകയും കോക്പിറ്റിൽ ചോര പടരുകയും ചെയ്തു എന്ന് യാത്രക്കാരിയുടെ ടെക്‌സറ്റ് മെസേജ് ഇസ്രയേലി പത്രങ്ങൾ പ്രസിദ്ധീകരിക്കൽ, എമർജൻസി കോഡുകൾ പുറപ്പെടുവിക്കലും റദ്ദാക്കലും, കോക്പിറ്റിൽ സംഭവിച്ചത് എന്ത് എന്നീ കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതുണ്ട്.
അന്വേഷണവുമായി സഹകരിക്കുമെന്ന് ഫ്ലൈ ദുബൈ
ദുബൈ- ടെൽ അവീവ് വിമാനത്തിന് സംഭവിച്ചത് സംബന്ധിച്ച് അവ്യക്തതകൾ തുടരുകയാണ്. വിമാനം സുരക്ഷിതമായി തബൂക്കിൽ ഇറങ്ങിയെന്നതും യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നുമാണ് സ്ഥിരീകരിക്കപ്പെട്ടതും ഔദ്യോഗികവുമായ വിവരങ്ങൾ. യാത്രാമധ്യേ വിമാനത്തിൽ ഒരു സംഭവം ഉണ്ടായതായാണ് ഫ്ലൈദുബൈ അറിയിച്ചത്. സംഭവത്തിന്‍റെ സ്വഭാവം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ എയർലൈൻ പുറത്തുവിട്ടിട്ടില്ല. വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്ന് ഫ്ലൈദുബൈ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുമായി ഫ്ലൈദുബ സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്. സ്ഥിരീകരിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് തുടർവിവരങ്ങൾ പുറത്തുവിടുമെന്നും എയർലൈൻ അറിയിച്ചു.
വിമാനങ്ങളിലുള്ളത് പ്രധാനപ്പെട്ട നാല് എമർജൻസി കോഡുകൾ
അടിയന്തര സാഹചര്യങ്ങളിൽ അടക്കം എയർ ട്രാഫിക് കൺട്രോളുമായി വിവരങ്ങൾ കൈമാറാൻ നാല് കോഡുകളാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നത്. സ്ക്വാക്ക് കോഡ് എന്നാണ് ഇവ അറിയപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാൻ ട്രാൻസ്‌പോണ്ടറിൽ നൽകുന്ന 4 അക്ക കോഡുകളാണിവ. 7500, 7600, 7700, 0000 എന്നിവയാണ് പ്രധാന അടിയന്തര കോഡുകൾ. ജനറൽ എമർജൻസി സാഹചര്യങ്ങളിലാണ് കോഡ് 7700 ഉപയോഗിക്കുന്നത്. തീ, സാങ്കേതിക തകരാർ, മെഡിക്കൽ അടിയന്തരാവസ്ഥ തുടങ്ങിയ പൊതുവായ അടിയന്തര സാഹചര്യങ്ങളിൽ ഈ കോഡാണ് പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളുമായി കൈമാറുക. എയർ ട്രാഫിക് കൺട്രോളുമായി റേഡിയോ ബന്ധം നഷ്ടപ്പെട്ടാൽ ആണ് കോഡ് 7600 ഉപയോഗിക്കുക. ഹൈജാക്കിങ്/വിമാനത്തിൽ അനധികൃത ഇടപെടൽ പോലുള്ള സാഹചര്യങ്ങളിലാണ് കോഡ് 7500 ഉപയോഗിക്കുക. കോഡ് 0000 സാധാരണയായി പ്രത്യേക സാഹചര്യങ്ങളിൽ ആണ് ഉപയോഗിക്കുക. ചില രാജ്യങ്ങളിലോ സംവിധാനങ്ങളിലോ പ്രത്യേക ഉപയോഗത്തിനുള്ളതാണ് ഈ കോഡ്. സാധാരണ അടിയന്തര കോഡായി ഉപയോഗിക്കില്ല.