'ചരക്കുകൾ കരാറടിസ്ഥാനത്തിൽ കൊണ്ടുപോകാം'; സൗദിയിൽ ഹെവി വാഹനങ്ങളുടെ ചരക്കുനീക്ക ഇളവ് വീണ്ടും നീട്ടി
ആനുകൂല്യം 2027 മാർച്ച് 26 വരെ ആറ് മാസത്തേക്കാണ് നീട്ടിയത്
റിയാദ്: രാജ്യത്തെ കരഗതാഗത, വിതരണ മേഖല ശക്തിപ്പെടുത്തുന്നതിനായി ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ ആറുമാസത്തേക്ക് കൂടി നീട്ടി സൗദി പൊതുഗതാഗത വകുപ്പ്. ലൈസൻസുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് സ്വന്തമല്ലാത്ത ചരക്കുകൾ പോലും കരാറടിസ്ഥാനത്തിൽ കടത്തിക്കൊണ്ടുപോകാനുള്ള പ്രത്യേക അനുമതിയാണ് 2027 മാർച്ച് 26 വരെ നീട്ടി നൽകിയിരിക്കുന്നത്. വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് അതിവേഗം സേവനമെത്തിക്കാനും നിലവിലുള്ള ചരക്കുവാഹനങ്ങളുടെ ശേഷി പരമാവധി പ്രയോജനപ്പെടുത്താനും കമ്പനികളെ പ്രാപ്തരാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
സൗദിക്കുള്ളിലെ സപ്ലൈ ചെയിൻ ശൃംഖലയെ കൂടുതൽ സുഗമമാക്കാനും ഇത് സഹായിക്കും. എന്നാൽ, ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന ഉപാധിയും മന്ത്രാലയം മുന്നോട്ടുവെക്കുന്നുണ്ട്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി നടത്തുന്ന ഓരോ ചരക്കുനീക്കത്തിനും അതോറിറ്റിയുടെ നിർദിഷ്ട നിയമാവലി പ്രകാരമുള്ള 'ട്രാൻസ്പോർട്ട് ഡോക്യുമെന്റ്' നിർബന്ധമായും കരുതണം. ട്രാൻസ്പോർട്ടിങ് മേഖലയിൽ സുതാര്യത ഉറപ്പാക്കാനും സ്ഥാപനങ്ങൾ തമ്മിലുള്ള കരാറുകൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പുവരുത്താനുമാണ് ഈ നടപടിയെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.