43 കിലോ മയക്കുമരുന്ന് കേസ്; മലയാളിക്ക് വധശിക്ഷ, ചതിക്കപ്പെട്ടതെന്ന് കുടുംബം

തലശ്ശേരി സ്വദേശി അബൂട്ടിയാണ്​ കഴിഞ്ഞ ദിവസം സൗദിയിൽ വധശിക്ഷക്ക്​ വിധേയനായത്​

Update: 2026-09-30 01:41 GMT
Editor : Rafeeq MM | By : Gulf Desk

കണ്ണൂർ: സൗദി അറേബ്യയിലെ ദമ്മാമിൽ മയക്കുമരുന്ന്​ കേസിൽ പിടിയിലായ തലശ്ശേരി സ്വദേശി വധശിക്ഷക്ക്​ വിധേയനാകാൻ കാരണം സുഹൃത്തിന്‍റെ ചതിയെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ. സുഹൃത്ത്​ ചതിച്ചാണ് തലശ്ശേരി സ്വദേശി അബൂട്ടി യാത്ര ചെയ്ത വാഹനത്തിൽ മയക്കുമരുന്ന്​ ഒളിപ്പിച്ചതെന്നും ​സഹോദരി അടക്കം ആരോപിക്കുന്നു. അബൂട്ടി പിടിക്കപ്പെട്ട ശേഷം ഈ സുഹൃത്തിനെ കണ്ടെങ്കിലും ഒഴിഞ്ഞുമാറുന്ന സമീപനമാണ്​ സ്വീകരിച്ചത്​. ഇവരുടെ വലയിൽ കുടുങ്ങി

വേറെ ചിലരും ജയിലിലായിട്ടുണ്ടെന്നും സഹോദരി ‘മീഡിയവണി’നോട്​ പറഞ്ഞു. ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനം സ്വാധീനം ഉപയോഗിച്ചാണ്​ അബൂട്ടിയുടെ പേരിലേക്ക്​ മാറ്റിയതെന്നും അവർ ആരോപിക്കുന്നുണ്ട്​. സഹോദരനെ കാണാനായി സൗദി അറേബ്യയിൽ എത്തി​യെങ്കിലും കാണാൻ സാധിച്ചില്ല. മാതാവും ഭാര്യയും രണ്ട്​ കുട്ടികളും അടങ്ങുന്നതാണ്​ അബൂട്ടിയുടെ കുടുംബം. മൂന്ന്​ സഹോദരിമാരാണ്​ ഉള്ളത്​.

Advertising
Advertising

2023 ഡിസംബറിലാണ് കണ്ണൂര്‍ പെരിങ്ങാടി സ്വദേശി അബൂട്ടി ഒമാനില്‍ നിന്നും കരമാർഗം സൗദിയിലെത്തിയപ്പോള്‍ പിടിയിലാകുന്നത്. ഓടിച്ചിരുന്ന വാഹനത്തില്‍ നിന്നും മാരക ലഹരി വസ്തുക്കളുടെ വന്‍ ശേഖരവുമായാണ് സുരക്ഷാ വിഭാഗത്തിന്‍റെ പിടിയിലായത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയത്. 43 കിലോ വരുന്ന ലഹരിവസ്തുക്കള്‍ ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. കേസില്‍ വിചാരണ കോടതി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയായിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ചതോടെയാണ് രാജവിഞ്ജാപനത്തിലൂടെ ശിക്ഷ നടപ്പാക്കിയത്.അതേസമയം, വാഹനം സൗദി അ​റേബ്യയിൽ എത്തിക്കാൻ മസ്കത്തിലുണ്ടായിരുന്ന സുഹൃത്ത്​ നിർദേശിക്കുകയായിരുന്നുവെന്നും ഈ വാഹനത്തിന്‍റെ രണ്ട്​ ഇന്ധന ടാങ്കുകളിലൊന്നിൽ മയക്കുമരുന്ന്​ ഒളിപ്പിക്കുകയായിരുന്നുവെന്നുമാണ്​ കുടുംബം പറയുന്നത്​. ഇന്ധന ടാങ്കിന്​ ചോർച്ചയുണ്ടെന്നും അതിൽ എണ്ണ അടിക്കരുതെന്നും ഏൽപിച്ചയാൾ പറഞ്ഞിരുന്നു. സുഹൃത്തിനെ വിശ്വസിച്ചതിനാൽ അബൂട്ടി വാഹനം വിശദമായി പരിശോധിച്ചില്ലെന്നും അതിനാലാണ്​ ചതിയിൽ പെട്ടതെന്നുമാണ്​ അറിയുന്നത്​.

ചതിച്ചയാള്‍ തന്‍റെ വാഹനം അനധികൃതമായി അബൂട്ടിയുടേ പേരിലേക്ക് മാറ്റിയാണ് സൗദിയിലേക്ക് യാത്രയൊരുക്കിയത്.കുടുംബത്തിലെ ഏക ആണ്‍ തരിയെ ചതിയില്‍പ്പെടുത്തിയ സുഹൃത്തിനെയും കൂട്ടാളികളെയും ആവും വിധം നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും സഹോദരിയടക്കം ബന്ധുക്കൾ പറഞ്ഞു. അബൂട്ടി മസ്കത്തിൽ ആയിരുന്നപ്പോഴാണ്​ ചതിച്ച കണ്ണൂർ സ്വദേശിയെ പരിചയപ്പെടുന്നത്​. ​മൊബൈൽ ഫോണുമായി ബന്ധപ്പെട്ടുള്ള ജോലിയായിരുന്നു ചെയ്തിരുന്നത്​. ഇതിനിടെയാണ്​ ഇയാളുമായുള്ള പരിചയത്തിൽ ഒരു വിസ ചോദിച്ചത്​. ഇതിനിടെയാണ്​ ഈ മലയാളിയുടെ പേരിലുണ്ടായിരുന്ന ജിഎംസി വാഹനം അബൂട്ടിയുടെ പേരിലേക്ക്​ മാറ്റുകയും സൗദിയിലേക്ക്​ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്​തതെന്നും കുടുംബം പറയുന്നു. അബൂട്ടി പിടിയിലായത്​ അറിഞ്ഞ്​ വാഹനം നൽകിയയാൾ നാട്ടിലേക്ക്​ മുങ്ങി. ഇതിന്​ ശേഷം ഇതുവരെ തിരിച്ചുപോയിട്ടില്ലെന്നും സഹോദരി ആരോപിക്കുന്നു.

ഇത്തരത്തിൽ വലിയ റാക്കറ്റ്​ പ്രവർത്തിക്കുന്നുണ്ടെന്ന്​ സഹോദരി പറഞ്ഞു. മറ്റു പലരും ദമ്മാമിലെ അടക്കം ജയിലിൽ കഴിയുന്നുണ്ട്​. മലയാളികളായ വലിയ ഒരു റാക്കറ്റ് തന്നെ പ്രവാസികളെ ലക്ഷ്യമിട്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച് വരുന്നതായും അബൂട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. അബൂട്ടിയുടെ കേസിൽ എല്ലാം പെട്ടെന്നായിരുന്നുവെന്നും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും ദമ്മാമിൽ സാമൂഹിക പ്രവർത്തകനായ മണിക്കുട്ടൻ പറഞ്ഞു. അബൂട്ടിയുടെ കുടുംബത്തെ ചില ഏജന്‍റുമാർ കാണുകയും പൊതുമാപ്പിൽ ഉൾപ്പെടുത്താമെന്ന്​ പറഞ്ഞ്​ വഞ്ചിക്കുകയും ചെയ്​തതായും അദ്ദേഹം പറയുന്നു. ഇതോ​ടെയാണ്​ കുടുംബം കാര്യങ്ങൾ പുറത്തുപറയാതിരുന്നത്​. സൗദി അറേബ്യയിൽ കൊലപാതക ​​കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ടാൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ്​ നൽകിയാൽ രക്ഷപ്പെടാൻ സാധിക്കും. അതേസമയം, വലിയ മയക്കുമരുന്ന്​ കേസുകളിൽ ഇത്തരത്തിൽ സാധിക്കില്ല. മറ്റുള്ളവരുടെ വാഹനങ്ങളും ലഗേജുകളും എല്ലാം ഏറ്റുവാങ്ങുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ്​ സാമൂഹിക പ്രവർത്തകർ നിർദേശിക്കുന്നത്​. നിങ്ങളുടെ പേരിലുള്ള ലഗേജിൽ നിന്നോ വാഹനത്തിൽ നിന്നോ മയക്കുമരുന്ന്​ അടക്കമുള്ളവ പിടിക്കപ്പെട്ടാൽ മറ്റുള്ളവരുടേത്​ ആണെന്ന്​ പറയാൻ സാധിക്കില്ല. സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ യാത്രാ മാർഗനിർദേശത്തിൽ തന്നെ, സ്വന്തമല്ലാത്ത സാധനങ്ങൾ കൊണ്ടുപോകരുതെന്നും, നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ അവയുടെ ഉത്തരവാദിത്തം യാത്രക്കാരനുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News