ഇറാനെതിരെ കടുത്ത നടപടി സ്വീകരിച്ച് കുവൈത്ത്; നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു
2 എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാനും ഉത്തരവിട്ടു
കുവൈത്ത് സിറ്റി: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആവർത്തിച്ചുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി കുവൈത്ത്. കുവൈത്തിലെ ഇറാൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാനും രണ്ട് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാനും ഉത്തരവിട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള ജനവാസ മേഖലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നടപടി. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമദ് സുലൈമാൻ അൽ മഷാൻ ഇറാന്റെ നയതന്ത്ര പ്രതിനിധി ഹാമിദ് ഹമീദ് യാഖൂബി ഫാറിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധക്കുറിപ്പും കൈമാറി.
ഇന്ന് കുവൈത്തിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയെത്തിയ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചു. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ് ഇതെന്നും, ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇറാൻ നടത്തിയതെന്നും കുവൈത്ത് വ്യക്തമാക്കി.
തങ്ങളുടെ മണ്ണിൽ ആക്രമണം നടത്താൻ ഇറാൻ ഉന്നയിക്കുന്ന ഒരു വാദങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങൾക്ക് നേരെ ശത്രുതാപരമായ നടപടികൾക്കായി തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കുവൈത്ത് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവനും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്ന ഏതൊരു നടപടിയും സ്വീകരിക്കാൻ കുവൈത്തിന് പൂർണമായ അവകാശമുണ്ടെന്നും, സ്വന്തം പരമാധികാരം കാത്തുസൂക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും രാജ്യം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.