കുവൈത്തിൽ പ്രവാസികൾ വർധിക്കുന്നു; റെഡിഡൻസി വിസകൾക്ക്‌ ഹൈ ഡിമാന്റ്

താമസ നിയമലംഘകർ കുറയുന്നത് വിസ റദ്ദാക്കൽ നടപടികൾ കുറക്കുന്നു

Update: 2026-07-11 12:34 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ആകെ പ്രവാസി ജനസംഖ്യയിലും സാധുതയുള്ള വിസകളുടെ എണ്ണത്തിലും തുടർച്ചയായ വളർച്ച രേഖപ്പെടുത്തുന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (CSB) റിപ്പോർട്ട്. 2025 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ആകെ റെസിഡൻസി പെർമിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 1,42,000 വിസകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, രാജ്യത്തെ ആകെ താമസ നിയമലംഘകരുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞ് 80,800-ൽ എത്തി നിൽക്കുകയാണ്. മുൻ വർഷം ഇത് 81,500 ആയിരുന്നു. നിലവിലുള്ള നിയമലംഘകരുടെ സ്റ്റാറ്റസ് ശരിയാക്കാനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള കർശന നടപടികൾ ഫലം കാണുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

Advertising
Advertising

ആകെ ലംഘകരുടെ എണ്ണം കുറയുമ്പോഴും, കഴിഞ്ഞ വർഷം മാത്രം പുതുതായി 11,700 താമസ നിയമലംഘനങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ൽ ഇത് 10,700 ആയിരുന്നു. പുതിയ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലെ തൊഴിലാളികളാണ്. തൊട്ടുപിന്നിൽ താൽക്കാലിക വിസയിലുള്ളവരുമുണ്ട്. ദേശീയത അടിസ്ഥാനമാക്കിയുള്ള കണക്കിൽ പുതിയ നിയമലംഘനങ്ങളിൽ 61.6 ശതമാനവും ഏഷ്യൻ പൗരന്മാരാണ്. അറബ് പൗരന്മാർ 3,800 കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി വിസ റദ്ദാക്കൽ നടപടികളിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. 2025-ൽ 47,200 വിസകളാണ് റദ്ദാക്കപ്പെട്ടത്. മുൻ വർഷത്തെ 49,700 അപേക്ഷിച്ച് ഇതിൽ 5 ശതമാനം കുറവുണ്ടായി. 2023-ൽ ഇത് 57,100 ആയിരുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോൾ വിസ റദ്ദാക്കൽ വലിയ തോതിൽ കുറയുന്നതായി കാണാം. റദ്ദാക്കപ്പെട്ട വിസകളിൽ പകുതിയോളം സ്വകാര്യ മേഖലയിലുള്ളവരുടേതാണ്. ഇതിൽ 16,600 പേരും ഏഷ്യൻ തൊഴിലാളികളാണ്. കുടുംബ വിസകൾ റദ്ദാക്കപ്പെടുന്നത് 12,200 ആയി കുറഞ്ഞിട്ടുണ്ട്.

നിലവിൽ ആകെ വിസകളുടെ 52.6% ആയ 16.6 ലക്ഷം വിസകളും സ്വകാര്യ മേഖലയിലുള്ളവരുടേതാണ്. 24.4% ഗാർഹിക തൊഴിലാളികളുടെയും 17.9% ഫാമിലി വിസകളുമാണ്. ബാക്കിയുള്ള 5.1% സർക്കാർ മേഖലയിലുള്ളവരുടേതും ഉൾപ്പെടുന്നു. രാജ്യത്തെ പ്രവാസി ജനസംഖ്യയിൽ നോൺ-അറബ് ഏഷ്യൻ വിഭാഗക്കാരാണ് ഇപ്പോഴും ഏറ്റവും മുന്നിൽ. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ നോൺ-അറബ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വലിയ ശതമാനം വർധനവ് രേഖപ്പെടുത്തിയതായും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News