സ്കൂളിൽ കുട്ടികൾക്ക് ശ്വാസം മുട്ടൽ, വിദ്യാർഥികളെ സന്ദർശിച്ച് മന്ത്രി; ഭരണസമിതിക്ക് സസ്പെൻഷൻ
സ്കൂളിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പുതിയ ഭരണസമിതിയെയും ചുമതലപ്പെടുത്തി
കുവൈത്ത് സിറ്റി: സ്കൂളിൽ വിദ്യാർഥികൾക്ക് ശ്വാസം മുട്ടലം അസ്വസ്ഥതയും അനുഭവപ്പെട്ട സംഭവത്തിൽ ശക്തമായ നടപടിയുമായി കുവൈത്ത് സർക്കാർ. സ്കൂൾ ഭരണസമിതിയെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബാഇ ഉത്തരവിട്ടു. സംഭവത്തിൽ വിശദ അന്വേഷണം തുടരുകയാണ്. ശ്വാസംമുട്ടൽ അനുഭവപ്പെട്ട വിദ്യാർഥികളെ മന്ത്രി നേരിൽ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി. വിദ്യാർഥികളുടെ സുരക്ഷയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഏറ്റവും പ്രധാന പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനൊപ്പം ചികിത്സയും പരിചരണവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുമായി മന്ത്രാലയം ഏകോപനം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സ്കൂൾ ഭരണസമിതിയെ മൂന്ന് മാസത്തേക്ക് മാറ്റിനിർത്താനാണ് തീരുമാനം. സ്കൂളിന്‍റെ പ്രവർത്തനങ്ങൾ സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി പുതിയ ഭരണസമിതിയെയും ചുമതലപ്പെടുത്തി.പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ നിരവധി വിദ്യാർഥികൾ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പെരുമാറ്റം ഗുരുതരമായ നിയമലംഘനമായി വിലയിരുത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടികൾ ആരംഭിച്ചു.
അതേസമയം, സംഭവത്തിലേക്ക് നയിച്ച മുഴുവൻ സാഹചര്യങ്ങളും ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. ഉത്തരവാദിത്തമോ അനാസ്ഥയോ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാർഥികൾക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭ്യമാക്കുന്നതിൽ വേഗത്തിൽ ഇടപെട്ട ആരോഗ്യ മന്ത്രാലയത്തിനും മെഡിക്കൽ സംഘങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം നന്ദി അറിയിച്ചു.