അമേരിക്കയെക്കാൾ 54 ബില്യൺ ഡോളർ കൂടുതൽ; പ്രവാസി പണമയക്കലിൽ ഗൾഫിന്‍റെ റെക്കോഡ്
ജിസിസി രാജ്യങ്ങളിലെ പണമയക്കലിന്‍റെ 75 ശതമാനവും യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്ന്
മസ്കത്ത്: ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണമയക്കുന്ന മേഖലയായി ജിസിസി. അമേരിക്ക അടക്കമുള്ളവയെ പിന്തള്ളിയാണ് പ്രവാസി പണമയക്കലിൽ ജിസിസി ഒന്നാമത് തുടരുന്നത്. 2025ൽ ആറ് ജിസിസി രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 161 ബില്യൺ ഡോളറാണ്. ഇത് 14 ലക്ഷം കോടി രൂപക്ക് തുല്യമാണ്. അമേരിക്കയിൽ നിന്ന് 107 ബില്യൺ ഡോളറാണ് പ്രവാസി പണമായി ലോകത്തേക്ക് ഒഴുകിയത്. അമേരിക്കയേക്കാൾ 54 ബില്യൺ ഡോളർ കൂടുതലാണ് ജിസിസി രാജ്യങ്ങളിൽ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവാസികൾ അയച്ച തുക. 2024നെ അപേക്ഷിച്ച് ജിസിസിയിൽ 13.6 ശതമാനം വർധനവും പ്രവാസി പണമൊഴുക്കിൽ ഉണ്ടായി. 19 ബില്യൺ ഡോളറിന്‍റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്‍റർ പുറത്തുവിട്ട 2025ലെ പ്രവാസി റെമിറ്റൻസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. 2023ൽ ജിസിസിയിൽ നിന്ന് പണം അയക്കൽ കുറഞ്ഞിരുന്നു. തുടർന്നുള്ള രണ്ട് വർഷങ്ങളിലും വർധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജിസിസിയിൽനിന്നുള്ള പ്രവാസി പണമയക്കലിൽ യുഎഇയാണ് ഒന്നാമത്. 2025ൽ യുഎഇയിൽനിന്ന് വിദേശത്തേക്ക് അയച്ചത് 62.1 ബില്യൺ ഡോളറാണ്. 58 ബില്യൺ ഡോളറുമായി സൗദി അറേബ്യ രണ്ടാമതാണ്. ജിസിസിയുടെ ആകെ പ്രവാസി പണമൊഴുക്കിന്‍റെ ഏകദേശം 74.8 ശതമാനവും യുഎഇയിൽ നിന്നും സൗദിയിൽ നിന്നുമായാണ് സംഭാവന ചെയ്യപ്പെട്ടത്. കുവൈത്തിൽ നിന്ന് 16.7 ബില്യൺ ഡോളറും ഖത്തറിൽ നിന്ന് 11.9 ബില്യൺ ഡോളർ ഒമാനിൽ നിന്ന് 9.5 ബില്യൺ ഡോളർബഹ്റൈനിൽ നിന്ന് 2.5 ബില്യൺ ഡോളറുമാണ് പ്രവാസി പണമായി ഒഴുകിയത്.
പ്രവാസി പണം അയക്കലിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായതെങ്കിൽ ബഹ്റൈനിൽ മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. സൗദി- 26.9, കുവൈത്ത് - 18.2, യുഎഇ -6.3, ഖത്തർ -4.7, ഒമാൻ -2.7 എന്നിങ്ങനെയാണ് ശതമാന കണക്കിൽ വളർച്ചയുള്ളത്. ബഹ്റൈനിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2025ൽ ജിസിസി രാജ്യങ്ങളുടെ സംയുക്ത ജിഡിപിയുടെ ഏകദേശം 6.6 ശതമാനത്തിന് തുല്യമാണ് വിദേശത്തേക്കുള്ള തൊഴിലാളി പണമൊഴുക്ക്. 2024ൽ ഇത് 6 ശതമാനവും 2023ൽ 5.7 ശതമാനവും 2022ൽ 5.6 ശതമാനവുമായിരുന്നു.
ജിസിസി സ്റ്റാറ്റിന്‍റെ വിലയിരുത്തലിൽ പ്രധാന കാരണം മേഖലയിൽ പ്രവാസി തൊഴിലാളികളുടെ തുടർച്ചയായ ഉയർന്ന ആവശ്യകതയാണ്. അടിസ്ഥാനസൗകര്യ വികസനം, സേവനമേഖല, വ്യവസായം, എണ്ണയിതര മേഖലകൾ എന്നിവയിലെ വളർച്ച കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കി.