ഒമാനിൽ വെങ്കലയുഗ കാലത്തെ പുരാവസ്തു ശേഖരവും അസ്ഥികൂടങ്ങളും കണ്ടെത്തി

ഇബ്രിയിൽ നടത്തിയ ഖനനത്തിലാണ് മെസൊപ്പൊട്ടേമിയൻ സംസ്‌കാരവുമായി ബന്ധമുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തിയത്. 

Update: 2026-10-28 17:01 GMT

മസ്‌കത്ത്: ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ വെങ്കലയുഗ കാലത്തെ ചരിത്രശേഷിപ്പുകളും മനുഷ്യ അസ്ഥികൂടങ്ങളും കണ്ടെത്തി. ഇബ്രി, അൽ ഐനൈൻ എന്ന പ്രദേശത്ത് നടത്തിയ പുരാവസ്തു ഖനനത്തിലാണ് ബിസി മൂന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ വസ്തുക്കൾ ലഭിച്ചത്. ഇവിടുത്തെ പുരാതന ശവകുടീരങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾക്ക് പുറമെ നിരവധി മൺപാത്രങ്ങളും അപൂർവ്വ ലോഹ ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് പുതിയ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നതിനാൽ, ചരിത്രശേഷിപ്പുകൾ നശിച്ചുപോകാതിരിക്കാനാണ് പൈതൃക-സഞ്ചാര മന്ത്രാലയം ഇവിടെ അടിയന്തരമായി ഖനനം ആരംഭിച്ചത്.

Advertising
Advertising

ശവകുടീരങ്ങളിൽ നിന്ന് കണ്ടെത്തിയ ഭൂരിഭാഗം മൺപാത്രങ്ങൾക്കും പുരാതന മെസൊപ്പൊട്ടേമിയയിലെ 'ജംദത്ത് നാസർ' സംസ്‌കാരവുമായി വലിയ സാമ്യമുണ്ട്. ചെമ്പിലും വെങ്കലത്തിലും നിർമിച്ച അമ്പടയാളങ്ങൾ, കോടാലികൾ, കത്തികൾ എന്നിവയും പുരാവസ്തു സംഘം കണ്ടെത്തിയിട്ടുണ്ട്. ഒമാനും അയൽരാജ്യങ്ങളിലെ പുരാതന സംസ്‌കാരങ്ങളും തമ്മിൽ ശക്തമായ വ്യാപാര ബന്ധം ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ കണ്ടെത്തലുകൾ. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഈ മാസാവസാനം വരെ പ്രദേശത്ത് കൂടുതൽ ഗവേഷണങ്ങളും ഖനനവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News